തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .
ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്റെ കയ്യിൽ നിന്നും പുസ്തകങ്ങൾ വാങ്ങുന്ന ആൾക്കാരെല്ലാവരും അയാളുടെ സുഹൃത്തുക്കളായി മാറിയിരുന്നു. പുസ്തക വായനയിൽ നിന്നോ ജീവിത സാഹചര്യങ്ങളിൽ നിന്നോ ലഭിച്ചതാണോ എന്നറിയില്ല, കൂടെയുള്ളവരെ സഹായിക്കുക എന്നത് അയാളിൽ സഹജമായ ഒന്നായിരുന്നു. അതിനുവേണ്ടി ഏതറ്റം വരെയും പോകുക എന്നത് നന്ദൻ നിരന്തരം ചെയ്തിരുന്നു. നോവലിലുടനീളം അങ്ങനെയുള്ള സഹായങ്ങൾ തനിക്ക് ഒട്ടും അറിയാത്തവർക്ക് വേണ്ടി പോലും അയാൾ ചെയ്തിരുന്നതായി കാണാം. അങ്ങനെ പോകുമ്പോൾ ഉണ്ടാകുന്ന ചില്ലറ ക്ലേശങ്ങൾ അയാളെ ഒട്ടും തന്നെ അലട്ടിയിരുന്നില്ല. അയാൾ പുസ്തകം വിൽക്കാൻ പോകുന്ന റെയിൽവേ സ്റ്റേഷനിൽ ഒരു സുഹൃത് വലയം ഉണ്ടായിരുന്നു. സ്റ്റേഷനിൽ ടിക്കറ്റ് കൊടുക്കുന്ന മെർലിൻ, ചായക്കാരൻ സെയ്തലി, ലോട്ടറി കൊടുക്കുന്ന ഗഫൂർ അങ്ങനെ നീളുന്നു. കൂടാതെ പുസ്തകം വാങ്ങുന്ന ഓരോരുത്തരും അയാളുടെ സുഹൃത്ത് വലയത്തിലേക്ക് ചേർക്കപ്പെട്ടു കൊണ്ടിരുന്നു.
നന്ദന് ആകെ തെറ്റ് പറ്റിയത് അടുത്ത സുഹൃത്താണെന്ന് കരുതി സ്വന്തം സഹോദരനെ പോലെ കരുതിയിരുന്ന സുഗുണൻ എന്നയാളുടെ കാര്യത്തിലാണ്. അതിന് അയാൾക്ക് കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്. അയാളുടെ മകളുടേത്... അങ്ങനെ നന്ദൻ പുസ്തക വില്പനക്കാരൻ എന്ന ലേബലിൽ നിന്നും പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ അച്ഛൻ എന്ന ലേബലിലേക്ക് പെട്ടെന്ന് തന്നെ മാറുന്നു. ജീവിതത്തിൽ വളരെ വലിയ ആ ദുരന്തം വന്നതിനുശേഷം കുറച്ചു ദിവസം അയാൾ വീട്ടിലിരുന്നുവെങ്കിലും കൂടുതൽ കാലം അങ്ങനെയിരിക്കാൻ അയാൾക്ക് ആകുമായിരുന്നില്ല. ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ വീണ്ടും ജോലിക്ക് പോകുന്നു, തന്റെ കൂട്ടുകാരെ കാണുന്നു, അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നു, പുസ്തകം വാങ്ങുന്ന പുതിയ കൂട്ടുകാരെ കണ്ടുപിടിക്കുന്നു...
അതേസമയം സുഗുണൻ ജയിലിൽ പോയി ജാമ്യത്തിൽ ഇറങ്ങുകയും നന്ദൻ എന്ന അച്ഛൻ ഭാര്യയായ രേണുക അറിയാതെ, എന്നാൽ അവരുടെ ആശീർവാദത്തോടെ തന്റെ കടമ എന്ന് വിചാരിക്കുന്ന ആ കാര്യം ചെയ്യാൻ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നു. പ്രതീക്ഷിക്കുന്ന തരത്തിലുള്ള കഥാവസാനം പക്ഷേ വളരെ ഹൃദ്യമായി ആണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രതീക്ഷിതമാണെങ്കിലും, വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാവസാനമാണ് പുസ്തകത്തിൽ ഉള്ളത്. കൂടാതെ നന്ദന്റെ ഭാര്യയായ രേണുകയുടെ കാര്യത്തിൽ നന്ദനും അതുവഴി നോവലിസ്റ്റും നീതിപുലർത്തിയില്ല എന്നാണ് പുസ്തകം വായിച്ചപ്പോൾ എനിക്ക് തോന്നിയത്. എന്തുതന്നെയായാലും നന്നായി എഴുതപ്പെട്ട, എല്ലാവർക്കും വായിക്കാൻ പറ്റിയ, വായിക്കേണ്ട ഒരു പുസ്തകം തന്നെയാണ് കാണുന്നതല്ല കാഴ്ചകൾ.

♥️
ReplyDelete