വായിച്ചു തുടങ്ങിയ സമയത്ത് സഹവായനക്കാരുടെ സംസാരത്തിൽ നിന്നും മനസ്സിൽ കയറി പറ്റിയ പുസ്തകമാണ് സുഭാഷ് ചന്ദ്രൻ എഴുതിയ മനുഷ്യന് ഒരു ആമുഖം. അതുകൊണ്ടുതന്നെ ലൈബ്രറിയിൽ ഈ പുസ്തകം കണ്ടയുടൻ കൈക്കലാക്കുകയാണുണ്ടായത്. പ്രതീക്ഷ തെറ്റിയില്ല. വളരെ മികച്ച ഒരു വായനാനുഭവമാണ് ഈ പുസ്തകം തന്നത് . പുസ്തകത്തിലെ ഓരോ വാക്യത്തിനും അതിഗംഭീരമായ ഘനം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓരോ വാക്യങ്ങളും ശ്രദ്ധിച്ചു തന്നെ വായിക്കേണ്ടിവന്നു. ഫലം- സ്വതവേ വായനാ വേഗം വളരെ കുറവായ എനിക്ക് പുസ്തകം വായിച്ചുതീരാൻ വളരെയധികം സമയം വേണ്ടിവന്നു. ടി.പി.രാജീവന്റെ കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന പുസ്തകത്തിൽ നിന്ന് കിട്ടിയ വായനാനുഭവത്തെ പോലെയുള്ള ഒന്നാണ് എനിക്ക് ഈ പുസ്തകത്തിൽ നിന്നും കിട്ടിയത്. പുസ്തകത്തിലേക്ക് വന്നാൽ അയ്യാട്ടുമ്പിള്ളി എന്ന വീടിന്റെയും തച്ചനക്കര എന്ന ഗ്രാമത്തിന്റെയും അതുവഴി ഏതാണ്ട് മധ്യകേരളത്തിന്റെയും മൂന്ന് തലമുറയോളം വരുന്ന കാലയളവിന്റെ കഥയാണ് നോവലിസ്റ്റ് പറയുന്നത്. '' പൂർണ്ണവളർച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന...