ഒരു പ്രത്യേക കാര്യമോ, കാര്യങ്ങളോ പറഞ്ഞുപോകാത്ത, വായിച്ചു തീരുമ്പോൾ ഏതെങ്കിലും പ്രത്യേക ലക്ഷ്യത്തിൽ എത്തിച്ചേരാനില്ലാത്ത ഒരു പുസ്തകമാണ് പട്ടുനൂൽപ്പുഴു. പുസ്തകം മോശമാണെന്നോ ആസ്വാദ്യകരമല്ലെന്നോ അല്ല ഇതിന്റെ അർഥം. ചില പുസ്തകങ്ങളുടെ അവസാനം പ്രധാന കഥാപാത്രം എന്തെങ്കിലും ലക്ഷ്യത്തിൽ എത്തിച്ചേരും, അല്ലെങ്കിൽ എത്തിച്ചേരുന്നതിൽ പരാജയപ്പെടും. സംഭവത്തിന് പ്രാധാന്യമുള്ള പുസ്തകമാണ് എങ്കിൽ ചിലപ്പോൾ സംഭവം നടക്കുന്നു, ചിലപ്പോൾ നടക്കില്ല. പക്ഷേ അങ്ങനെ ഒരു പ്രത്യേക സംഭവത്തിനോ കഥാപാത്രത്തിന്റെ ജയ പരാജയങ്ങൾക്കോ പ്രാധാന്യം കൊടുക്കുന്നതല്ല ഈ പുസ്തകം. അത് കുറച്ചു വ്യക്തികളുടെ കുറച്ചു കാലയളവിലുള്ള ജീവിതത്തെ പകർത്തി വയ്ക്കുന്ന ഒന്നാണ്. ഞാൻ വായിക്കുന്ന ഹരീഷിന്റെ ആദ്യത്തെ പുസ്തകമാണ് ഇത്. പുസ്തകത്തിലേക്ക് വന്നാൽ സാംസ എന്ന പേരുകൊണ്ട് മാത്രം വ്യത്യസ്തനായ കുട്ടിയും, അവന്റെ അമ്മ ആനിയും അച്ഛൻ വിജയനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സാംസ പുറമെ ഒരു സാധാരണ കുട്ടിയാണെങ്കിലും ഉള്ളിൽ അവന്റെ ലോകം മറ്റൊന്നാണ്. പലതരം സങ്കൽപ്പങ്ങളാൽ സമ്പന്നമാണ്. അതിലവൻ അവൻ ജനിക്കുന്നതിനു മുൻപ് മരിച്ച പെൺ...