Skip to main content

COVID 19 -ചില ചിന്തകൾ

2019  അവസാനം പൊട്ടിപ്പുറപ്പെട്ട്  2020ൽ ലോകം മൊത്തം വ്യാപിച്ച കൊറോണ ( കോവിഡ് -19 ) വൈറസ് .
  ഒന്നാലോചിച്ചാൽ ഇത് പ്രകൃതിയുടെ ഭാവി ചിട്ടപ്പെടുത്തലിനു വേണ്ടിയുള്ള മുൻഗണനാക്രമം തയാറാക്കലാണെന്ന് തോന്നുന്നു. അതോ ഏറ്റവും ഉന്നതമായ സ്പീഷിസ് എന്ന്  സ്വയം അവകാശപ്പെടുന്ന ; ആഹാരത്തിന് വേണ്ടിയല്ലാതെ വിനോദത്തിന് വേണ്ടി  മറ്റുജീവികളെ നശിപ്പിക്കുകയോ അംഗഭംഗം വരുത്തുകയോ ഒക്കെ ചെയ്യുന്ന ; അവസാനം താൻ തന്നെ കണ്ടുപിടിച്ച സാങ്കേതികവിദ്യകളാൽ സ്വയം നശിക്കാൻ പോകുന്ന മനുഷ്യൻ , മറ്റുജീവികളോടുള്ള വിരോധം പോരാഞ്ഞ് സ്വന്തം വർഗത്തിലുള്ളവരെ ഇല്ലാതാക്കാൻ സ്വബോധത്തോടെ വാരിവിതറിയ വിപത്താണോ എന്ന്  സംശയിക്കേണ്ടതുണ്ട് .
  ചിലർ പറയും മനുഷ്യന്റെ അഹന്തയ്ക്ക് ഇടയ്ക്കിടെ "സർവശക്തൻ " കൊടുക്കുന്ന കൊട്ടാണ്  ഇത് പോലെ മഹാമാരികളായും ചുഴലിക്കൊടുങ്കാറ്റുകളായും സുനാമിയായുമൊക്കെ വരുന്നത് എന്ന് . അതങ്ങനെയാണെങ്കിൽ  സർവശക്തൻ ഈ അഹന്തയുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കുന്നത്  ശരിയായിട്ടല്ല എന്നാണ് അഭിപ്രായം. കാരണം അഹങ്കാരികളായിട്ടുള്ളവർക്ക് മാത്രമല്ല അതൊക്കെ ബാധിക്കുന്നത് എന്നതുതന്നെ.
   വൈറസിനെ  ശാസ്ത്രത്തിനിട്ടുകൊടുത്താൽ അത് തരുന്ന വിശകലനം ഇതാണ്: നാമെല്ലാം നിരന്തരം മ്യൂട്ടേഷൻ എന്ന പ്രവർത്തനത്തിന് വിധേയരാണ്. ഓരോ ദിവസവും അത് നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി ഉരുത്തിരിഞ്ഞുണ്ടായതാണ് വൈറസ് എന്ന വർഗ്ഗവും . നിരന്തരം പെറ്റുപെരുകുന്ന ഇവയിൽ ചിലത് മനുഷ്യനും മൃഗങ്ങൾക്കും ഹാനിയുണ്ടാക്കുന്നവയാണ്. സാങ്കേതികമായി പറഞ്ഞാൽ ഒരു തരം " BUG FIXING "  വേണമെങ്കിൽ പറയാം . ചൈനയിൽ ഉണ്ടായതെന്ന് മനസിലാക്കുന്ന കോവിഡ്  - 19  ബഗ്   ശരീരത്തിൽ കയറുന്നു. ചിലർക്ക് അത് FIX  ചെയ്യാൻ എളുപ്പം പറ്റുന്നു. ചിലർക്ക് അത് പ്രയാസമാണെങ്കിലും ആതുരസേവകരുടെയും മറ്റും സഹായത്തോടെ FIX ചെയ്യുന്നു . മറ്റസുഖങ്ങൾ ഉള്ളവർക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും അതൊട്ട്  പറ്റുന്നുമില്ല.
  എല്ലാം ചേർത്ത് വായിക്കുമ്പോൾ ഡാർവിനെയല്ലാതെ മാറ്റാരെ ഓർക്കാനാണ് . " അർഹതയുള്ളവരുടെ അതിജീവിക്കൽ " എന്ന് പണ്ട്  കാണാതെ പഠിക്കുമ്പോൾ സംഭവം ഇത്ര വ്യാപ്തിയുള്ള കാര്യമാണെന്ന് മനസിലായിട്ടില്ലായിരുന്നു. ഇവിടെ പക്ഷെ 'അർഹത' എന്ന വാക്കിന്റെ അർത്ഥത്തെപ്പറ്റി സംശയം തോന്നാം. കാരണം, അതിജീവിക്കാൻ പോരാടുന്ന ഒരാളുടെ ശരീരത്ത് വൈറസ് കയറിപ്പറ്റില്ലെന്നോ അത് മരണകാരണമാകില്ലെന്നോ ഉറപ്പുപറയാൻ പറ്റില്ലല്ലോ. സാധ്യതകളുടെ മുകളിലാണ് ഈ സിദ്ധാന്തങ്ങളത്രയും . IDEAL CONDITION  എന്നൊന്നില്ല. ഒരു മാൻപേടയെ സിംഹം ഓടിച്ചിട്ട് പിടിക്കുമ്പോൾ  ആ മാന്പേടയ്ക്ക് ജീവിക്കാൻ എന്ത് അർഹതക്കുറവാണ് എന്ന് ചിന്തിക്കുന്നതുപോലെയാണ് .
  ലോകം എത്രത്തോളം സാങ്കേതികപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായുമെല്ലാം മുന്നേറുന്നോ അത്രത്തോളം പിന്നിലേക്ക് വലിക്കാൻ ആവശ്യമായ മറ്റു ഘടകങ്ങൾ  നാം തന്നെ ഇട്ടുകൊടുക്കുന്നുണ്ട് . പണ്ട് ഒരു പകർച്ചവ്യാധി വരുമ്പോൾ ആരോഗ്യസംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് മരണങ്ങൾ കൂടുതൽ സംഭവിച്ചതെങ്കിൽ ഇപ്പൊ അത് എളുപ്പത്തിൽ പകരുന്നതുകൊണ്ടാണ് . " ലോകം  ഒരു കുടക്കീഴിൽ " എന്നൊക്കെ പറയുമ്പോൾ അസുഖങ്ങളും ഒരു കുടക്കീഴിൽ ആകുന്നു. ഇങ്ങനൊന്നുമല്ലാതെ എല്ലാവരും വെവ്വേറെ കുടക്കീഴുകളിലാണോ കഴിയേണ്ടത് എന്ന് ചോദിച്ചാൽ അതും എല്ലാക്കാലത്തും ശരിയാണെന്ന് പറയാൻ പറ്റില്ല. ഈ രോഗത്തിന്റെ വ്യാപനം തടയാൻ അതാണ് ഏറ്റവും മികച്ച മാർഗം . ഓരോ പ്രശ്നങ്ങളുടെയും  സാദ്ധ്യതകൾ അറിഞ്ഞ്  ( അത് രോഗങ്ങളായാലും പ്രകൃതിദുരന്തങ്ങളായാലും ) അതിന്റെ പ്രതിവിധികൾക്കനുസരിച്ച് അപ്ഡേറ്റ് ചെയ്ത്  മുന്നേറുക എന്നതാണ് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്.
   നാമെല്ലാം അർഹതയുള്ളവരാണെന്ന് തെളിയിക്കേണ്ട ബാധ്യത നമ്മുടേത് മാത്രമാണ് .

Comments

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...