സാധാരണ പേനയെടുക്കാറുള്ളത് എന്തിനെയെങ്കിലും കുറിച്ചുള്ള ചിന്തകൾ മനസ്സിനകത്ത് കലങ്ങിമറിയുമ്പോഴാണ് . ഇതാദ്യമായാണ് ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലും നിർമിക്കാൻ പറ്റുമോ എന്നൊരു ശ്രമം . അതുകൊണ്ടുതന്നെ എഴുതുന്ന സമയത്ത് വരുന്ന ചിന്തകൾ തന്നെയായിരിക്കും ഇനി വരാൻ പോകുന്ന വരികളിൽ കാണാൻ കഴിയുക . ശുദ്ധവായു തരക്കേടില്ലാതെ ലഭിക്കുന്ന സ്ഥലത്തുതന്നെയാണ് ഇപ്പോഴും ഞാൻ ഉണർന്നെണീക്കുന്നത് എന്ന് തന്നെയാണ് വിശ്വാസം . എന്നാലും മനസിനിപ്പോ ' ശുദ്ധവായു ' ലഭിക്കുന്നില്ല എന്ന തോന്നലാണ് . ലോക്ക് ഡൌണിന്റെ പാരമ്യഘട്ടത്തിൽ മനസ്സുമൊത്തം ' ലോക്ക്ഡ് ' ആയതുപോലാണ് . ഇക്കാലത്ത് ; അതായത് കൊറോണക്കാലത്ത് ഒരു മനുഷ്യന് ലഭിക്കാവുന്ന ഭാഗ്യങ്ങളും സൗകര്യങ്ങളും ഏതാണ്ടെല്ലാംതന്നെ ലഭിക്കുന്ന എനിക്ക് മനസുഖം കുറവാണെന്ന് പറയുമ്പോൾ ഞാൻ തന്നെ ബാക്കിയുള്ളവരുടെ അവസ്ഥ ചികഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് . പത്താം തരം നല്ലരീതിയ്ക്ക് തന്നെ പാസ്സായ അനിയത്തി അടുത്തപടി എന്ന് എപ്പോൾ എങ്ങനെ എന്നാലോച്ചിരിക്കുന്നു . പഠിയ്ക്കേണ്ടുന്ന വിഷയം...