അർദ്ധനാരി എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ "കാളി" മരിച്ചോ ഇല്ലയോ എന്നൊരു സംശയത്തിന്റെ മുനയിലാണ് അർദ്ധനാരി അവസാനിച്ചതെങ്കിൽ കാളി മരിച്ചതിനു ശേഷമുള്ള ഭാര്യ "പൊന്ന"യുടെ ജീവിതമാണ് പ്രധാനമായും ആലവായനിൽ പ്രതിപാദിക്കുന്നത്. വായിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് അർദ്ധനാരി കിരീടം സിനിമപോലെയും ആലവായൻ ചെങ്കോൽ സിനിമപോലെയുമാണ് എനിക്ക് തോന്നിയത് . കാളി ആത്മഹത്യ ചെയ്യാൻ ഉണ്ടായ സാഹചര്യവും അതിലുള്ള തന്റെയും മറ്റു കുടുംബക്കാരുടെയും പങ്കും പൊന്ന മനസ്സിലിട്ട് പലതവണ ചിന്തിക്കുന്നുണ്ട്. ഒരുതവണ പോലും അതിൽ തങ്ങൾക്ക് പങ്കില്ല എന്ന ഒരുത്തരത്തിലെത്താൻ പൊന്നയ്ക്കാവുന്നില്ല. മരിച്ചിട്ടും കാളിയുടെ ആത്മാവ് പോയിട്ടില്ല എന്നും കാളി വിഹരിച്ച് നടന്ന എല്ലായിടത്തും അവന്റെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്നും പൊന്ന വിശ്വസിക്കുകയും പലപല സാഹചര്യങ്ങൾ ഒരുക്കി പ്രകൃതി അതിന് വളം വച്ചു കൊടുക്കുകയും ചെയ്യുന്നു; അല്ലെങ്കിൽ പ്രകൃതി ഒരുക്കുന്ന സാഹചര്യങ്ങൾ പൊന്ന അവളുടെ രീതിയിൽ മാറ്റിയെടുത്ത് അത് കാളിയുടെ സാന്നിധ്യമാക്കി മാറ്റുക ചെയ്യുന്നതുമാകാം. കാളി ആത്മഹത്യ ചെയ്തത് പോലെ താനും ചെയ്താലോ എന്ന് പലപ്പോഴും ആലോചിക്കുന്നെങ്കിലും ജീവിക്കാനുള്ള എന്തോ ഒരു കാരണം അവളുടെ മനസ്സിനെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. കാളി ആത്മഹത്യ ചെയ്യാൻ ഉണ്ടായ അതേ കാരണവും അതുതന്നെയാണെന്ന് പിന്നീട് നമുക്ക് മനസ്സിലാകുന്നു.
കാളിയുടെ മരണശേഷം തുടക്കത്തിൽ പൊന്നയ്ക്ക് ഉണ്ടായ ജീവിതത്തോടുള്ള വിരക്തി മുന്നോട്ടുപോകുമ്പോൾ കുറഞ്ഞുവന്ന് ഇല്ലാതാകുന്നതായും ജീവിതത്തോടുള്ള ഉത്സാഹം സ്വാഭാവികമായും ഉണ്ടായി വരുന്നതായും കാണാം. കാളിയോടുള്ള സ്നേഹം ഒട്ടും കുറയാതെതന്നെ അവൾ മറ്റൊരു സത്യം മനസ്സിലാക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു. അർദ്ധനാരി നോവലിലെ ഏതാണ്ട് എല്ലാ കഥാപാത്രങ്ങളും ആലവായനിലും ഉണ്ട്. അർദ്ധനാരിയിലെ ഏതാണ്ട് നായകസ്ഥാനത്ത് നിൽക്കുന്ന കാളിയെപ്പോലെ ഇതിലെ എല്ലാ പുരുഷ കഥാപാത്രങ്ങളെക്കാളും സ്ത്രീ കഥാപാത്രങ്ങൾക്കാണ് മനോബലവും ചുറ്റുമുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള കഴിവ് ഉള്ളതായും കാണിക്കുന്നത്. കാളിയോട് എല്ലാവരും കാണിച്ച " തെറ്റിന്റെ" ഗ്രാഹ്യത കുറയ്ക്കാൻ പലരും മനസ്സുകൊണ്ടും വാക്കുകൾ കൊണ്ടും ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ ഒരു നിഴൽ നോവലിൽ ഉടനീളം കാണാൻ സാധിക്കും.
അർദ്ധനാരി പൂർണമാകുന്നത് ആലവായൻ കൊണ്ടാണ്. എന്തുകൊണ്ടും അർദ്ധനാരിത്വം നമുക്ക് ഈ നോവലിന് നൽകുവാൻ സാധിക്കും.
.jpg)
Nannaittund. Enthusiasm undakkunna ezhuth.
ReplyDelete