Skip to main content

വായനക്കാരന്‍റെ നിരീക്ഷണം: തസ്കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ

    

            ഏറെ കൗതുകത്തോടെ വായിച്ച പുസ്തകമാണ് ജി.ആര്‍.ഇന്ദുഗോപന്‍ എഴുതിയ “തസ്കരന്‍-മണിയന്‍പിള്ളയുടെ ആത്മകഥ. പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ മണിയന്‍പിള്ള എന്ന തസ്കരന്‍റെ  ജീവിതകഥയാണ് ഈ പുസ്തകം. വളരെ യാദൃശ്ചികമായി ടി.വിയില്‍ കണ്ട ഒരു സംവാദപരിപാടി വഴിയാണ് തസ്കരനായ മണിയന്‍പിള്ളയെക്കുറിച്ച് അറിയുന്നത്. നന്നായി പുസ്തകങ്ങള്‍ വായിക്കുന്ന ഒരു വ്യക്തിയെപ്പോലെ ഒരു തസ്കരന്‍ സംസാരിക്കുന്നത് എന്നെ തെല്ലൊന്നമ്പരപ്പിച്ചു. പ്രസ്തുത പരിപാടിയില്‍ മണിയന്‍പിള്ളയുടെ ജീവിതം ആസ്പദമാക്കി ഒരു പുസ്തകം കൂടി ഉണ്ടെന്നു കേട്ടപ്പോള്‍ അത് വായിച്ചേ തീരൂ എന്നുറപ്പിച്ചു.

എഴുത്തുകാരന്‍ തന്‍റെയകന്ന ബന്ധത്തിലുള്ള മണിയന്‍പിള്ളയെപ്പറ്റി അറിഞ്ഞപ്പോള്‍ എന്തുകൊണ്ട് അയാളുടെ ജീവിതത്തെ പുസ്തകമാക്കിക്കൂടാ എന്ന്  ചിന്തിച്ചതില്‍ നിന്നാണ് ഈ പുസ്തകത്തിന്‍റെ ഉത്ഭവം. മ​ണിയന്‍പിള്ളയില്‍ നിന്നുതന്നെ കിട്ടിയ വിവരങ്ങളായതിനാല്‍ പേരുസൂചിപ്പിക്കുന്നതുപോലെ ഇതൊരു ആത്മകഥയായി കണക്കുകൂട്ടാവുന്നതാണ്. ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ട എഴുത്തുകാരന്‍ പുസ്തകത്തിന്‍റെ ഉള്ളടക്കത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം മണിയനില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നു.

    കള്ളന്‍റെ ജീവിതം  വിചാരിക്കുന്നതിനേക്കാള്‍ സംഭവബഹുലമാണെന്ന് പുസ്തകത്തിന്‍റെ ആദ്യഭാഗങ്ങളില്‍ നിന്നുതന്നെ നമുക്ക് മനസിലാകും. ഓരോ കള്ളന്‍റെയും പ്രവര്‍ത്തനരീതി വ്യത്യസ്തമാണെന്നതുപോലെത്തന്നെ ഈ കള്ളനും ഒരു ശൈലിയുണ്ട്. വീടുകളിലെ ‍‍ജനല്‍കമ്പികള്‍ വ​ളച്ച് അല്ലെങ്കില്‍ ഒടിച്ച് കയറുന്നതാണ് ആ രീതി. താന്‍ ചെയ്ത  മോഷണങ്ങളിലെ മറക്കാന്‍ പറ്റാത്ത ഏടുകളില്‍ നിന്നും ത്രില്ലര്‍ സിനിമ കാണുന്നതു പോലുള്ള അനുഭവമാണ് വായനക്കാരനു കൊടുത്തിട്ടുളളത്. രാത്രികാലങ്ങളില്‍ ഒരു കള്ളന്‍ കാണുന്ന കാഴ്ചകള്‍ ഒരു സാധാരണക്കാരന് ഊഹിക്കാവുന്നതിലും അപ്പുറമാണ്. വായനയുടെ പല ഘട്ടങ്ങളിലും ഒരു മോഷണം നമുക്കും ചെയ്താലോ എന്ന് തോന്നുമെങ്കിലും അതിനൊപ്പംതന്നെ എഴുതിയിട്ടുള്ള പോലീസുകാരുടെ ഇടിയുടെയും ജയില്‍വാസത്തിന്‍റെയും കടുപ്പം ഉടന്‍ തന്നെ ആ തോന്നല്‍ എടുത്തുകളയും. ഒരു ഘട്ടത്തില്‍പ്പോലും താന്‍ നടത്തിയ മോഷണങ്ങളെ ന്യായീകരിച്ചിട്ടില്ല എന്നതാണ് പുസ്തകത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത്എന്നാല്‍ പ്രഖ്യാപിത കള്ളനായ താന്‍ ചെയ്ത കളവുകളെക്കാള്‍ വളരെക്കൂടുതലാണ് സമൂഹത്തിലെ ചില “മാന്യന്മാര്‍” ചെയ്തുകൂട്ടിയതെന്ന് മണിയന്‍ കാണിച്ചുതരുന്നുണ്ട്. തന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളും, മോഷണ ജീവിതത്തിൽ ഉണ്ടായ മറക്കാൻ പറ്റാത്ത അനുഭവങ്ങളും, മോഷണമില്ലാത്ത സമയത്ത്  ഒരു കള്ളനുണ്ടാകുന്ന; ഉണ്ടായ അനുഭവങ്ങളും മണിയൻപിള്ള പല ഏടുകളിലായി നമുക്കു മുന്നിലെത്തിക്കുന്നു.

    അറിവില്ലാത്ത സമയത്ത് ഒരു മോഷണത്തിൽ പെട്ടുപോയി കള്ളനായി മാറിയ പ്രസ്തുത കള്ളന് പിന്നെ മോഷണങ്ങളിൽ നിന്ന് ഒരു പ്രത്യേകതരം  ലഹരി ലഭിക്കുകയുണ്ടായി. ചോരത്തിളപ്പിന്റെ കാലത്തിൽ ചെയ്യുന്ന ഈ മോഷണങ്ങളിൽ നിന്ന് നാട്ടുകാരുടെയും പോലീസിന്റെയും  'കള്ളന്മാരുടെ' ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ മണിയൻപിള്ള സ്ഥാനം പിടിച്ചിരുന്നു. ചില മദ്യപന്മാർക്ക് മദ്യപാനം നിർത്താൻ പറ്റുന്നില്ല  എന്നുപറയുന്നതു പോലെ മണിയൻപിള്ളയ്ക്ക് മോഷണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റാത്ത ഒരു അവസ്ഥയായി മാറി. ഒരു വലിയ മോഷണം ചെയ്തു അതിന്റെ മുതലും കൊണ്ട് എവിടെയെങ്കിലും പോയി ശേഷിച്ച കാലം നേരെ ചൊവ്വേയുള്ള ഒരു ജീവിതം ജീവിക്കണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നു. അത് സംഭവിക്കുകയും ചെയ്തു.

മൈസൂരേക്ക് പലായനം ചെയ്ത മണിയന്‍ ഒരു ഘട്ടത്തിൽ അവിടുത്തെ ജന്മിയായി മാറുകയും തിര‍ഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം വരെ വന്നുചേരുകയും ഉണ്ടായി. എന്നാൽ മുൻകാലങ്ങളിൽ ചെയ്ത കർമ്മങ്ങളുടെ ഫലം അയാളെ വിടാതെ പിന്തുടർന്നു. 

    മോഷണമുതൽ കിട്ടുമ്പോൾ രാജാവിനെപ്പോലെ ജീവിക്കുക അല്ലാത്ത സമയത്ത് അതിദാരിദ്ര്യം അനുഭവിക്കുക ഇതായിരുന്നു  മണിയൻപിള്ളയുടെ രീതി. പലപല മോഷണങ്ങളുടെ കഥയും ജയിൽവാസങ്ങളുടെ കഥയും പറയുന്നതിനൊപ്പം പുസ്തകത്തിലുടനീളം അലയടിച്ചിരുന്ന പേരാണ് മണിയുടെ ഭാര്യയായിരുന്ന നിസയുടെത്. അയാൾക്ക് ഇന്നും കുറ്റബോധം  തോന്നുന്നത് ഭാര്യയുടെ ഒപ്പം അധികസമയം ചെലവഴിക്കാൻ പറ്റാത്തതും തന്റെ മകനെ മര്യാദയ്ക്ക് വളർത്താൻ പറ്റാത്തതുമാണ്. സമൂഹത്തിലെ ഏറെക്കുറെ എല്ലാവരും തിരസ്കരിച്ചിട്ടും ഭർത്താവിനൊപ്പം നിന്ന്  ജീവിതം നയിച്ച വ്യക്തിയാണ് നിസ. ഭാര്യയോട് നീതിപുലർത്താനായില്ല എന്ന് പുസ്തകത്തിൽ ഒന്നിലധികം തവണ പരാമർശിക്കുന്നുണ്ട്.  സ്വന്തം അമ്മയോടും മകനോടുമുള്ള കാഴ്ചപ്പാടും വ്യത്യസ്തമല്ല. കട്ടമുതൽ വേണ്ട എന്ന് ശക്തമായി എപ്പോഴും പറയുകയും  എന്നാൽ സ്വന്തം മകനെ ജയിലിൽ നിന്നിറക്കാൻ ഏതു കോടതിയിലും പോകുന്ന സ്ത്രീയായിരുന്നു മണിയൻപിള്ളയുടെ അമ്മ. ഇങ്ങനെ സ്വന്തം കുടുംബത്തിനു താൻ മൂലം ഉണ്ടായ അപമാനത്തെ ഓർത്ത് അയാൾ ഇപ്പോഴും വേദനിക്കുന്നുണ്ട് എന്ന് പുസ്തകം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും.

    പുസ്തകം വായിച്ചപ്പോൾ മറ്റൊരു കാര്യവും ശ്രദ്ധിച്ചാൽ മനസിലാകും. തുടർച്ചയില്ലാത്ത രീതിയിലാണ് പുസ്തകം മുഴുവൻ എഴുതിയിരിക്കുന്നത്. അത് മണിയൻപിള്ളയോ കഥാകാരനോ ബോധപൂർവ്വമായി ചെയ്തതാണോ എന്നറിയില്ല. സംഭവം നടക്കുന്ന സ്ഥലവും കാലഘട്ടവും മനസ്സിലാക്കി അതിലെ കഥാപാത്രങ്ങൾ നമുക്ക് അറിയാവുന്ന ആരെങ്കിലും ആണെങ്കിൽ ഇനി ഒരു പ്രശ്നമുണ്ടാകണ്ട എന്ന് വിചാരിച്ചിട്ടാണോ എന്നും അറിയില്ല. 

സ്വാതന്ത്ര്യസമരസേനാനികളുടെ, എഴുത്തുകാരുടെ, സിനിമാതാരങ്ങളുടെ എന്നുവേണ്ട മറ്റ് അനേകം മേഖലകളിൽ കഴിവ് പ്രദർശിപ്പിച്ചവരുടെയും കഴിവ് തെളിയിച്ചവരുടെയും ആത്മകഥകൾ നാം കണ്ടിട്ടുള്ളതാണ് പലതും വായിച്ചിട്ടുള്ളതുമാണ്. അക്കൂട്ടത്തിൽ മണിയൻപിള്ള എന്ന കള്ളന്റെ ആത്മകഥ എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുസ്തകം തീർച്ചയായും കാലികപ്രസക്തിയുള്ളതും വായനക്കാരന് ഉദ്വേഗജനകമായ ഒരു അനുഭവം സമ്മാനിക്കുന്നതുമാണ്.

 

Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...