Skip to main content

വായനക്കാരന്‍റെ നിരീക്ഷണം: അന്നാ കാരെനിന - ലിയോ ടോൾസ്റ്റോയ്



    ഒരു ലക്ഷ്യവുമില്ലാതെ  ലൈബ്രറി പുസ്തകങ്ങൾക്കിടയിൽ പരതിയപ്പോഴാണ് ഒരുപാട് നാൾ മുന്നേ തന്നെ  മനസ്സിൽ പതിഞ്ഞ അന്നാ കരെനിന എന്ന നോവലും ലിയോ ടോൾസ്റ്റോയി എന്ന നോവലിസ്റ്റും കണ്ണിൽ പെട്ടത്. റഷ്യൻ സാഹിത്യചരിത്രം എടുത്താൽ അല്ലെങ്കിൽ ചരിത്രം തന്നെ എടുത്താൽ എക്കാലവും മുൻപന്തിയിൽ തന്നെയുള്ള ഒരു എഴുത്തുകാരനാണ് ലിയോ ടോൾസ്റ്റോയി. അദ്ദേഹത്തിന്റെ ഏറ്റവും വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് അന്നാ കരെനിന. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ അദ്ദേഹത്തിന്റെ ആദ്യത്തെ യഥാർത്ഥ നോവലാണിത്. വിശ്വസാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും  മികച്ച കൃതികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

പുസ്തകത്തിലേക്ക് വന്നാൽ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നായ്ക്ക് ഒരു അന്യ പുരുഷനോട് ഉണ്ടാകുന്ന പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന സംഭവപരമ്പരകളുമാണ് ഇതിന്റെ പ്രമേയം. എങ്കിലും 1870 കളിലെ  റഷ്യൻ അപ്പർ/മിഡിൽക്ലാസ് കുടുംബങ്ങളിലെ ജീവിതങ്ങൾ നോവലിസ്റ്റ് ഇതിലൂടെ വരച്ചു കാട്ടിയിരിക്കുന്നു. അന്നയെ കൂടാതെ അന്നയുടെ സഹോദരൻ ഒബ്ലോൻസ്കി, ഭാര്യ ഡോളി, അവരുടെ സഹോദരി കിറ്റി, ഭർത്താവാകുന്ന ലെവിൻ, അന്നയുടെ പ്രേമഭാജനമാകുന്ന വ്രോൺസ്‌കി... അങ്ങനെ നീണ്ടു പോകുന്നു ഇതിലെ കഥാപാത്രങ്ങൾ. ഓരോരുത്തർക്കും ഓരോ സ്വഭാവവും ഓരോ ജീവിത രീതിയുമാണ്.

ഇന്ത്യയിൽ നാമിന്ന് കാണുന്നതും  മുമ്പ് ഉണ്ടായിട്ടുള്ളതുമായ  ജീവിതരീതിയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് നോവലിലെത്.  കുതിരപ്പന്തയത്തിനും ഒരുമിച്ചിരുന്നുള്ള ഡിന്നറിനും ചീട്ടു കളിക്കും  വളരെ വലിയൊരു സ്വാധീനം അവരുടെ ജീവിതത്തിൽ ഉണ്ട്.  അവരുടെ സംസാരശൈലിയും വളരെ വ്യത്യസ്തമാണ്. സ്വന്തം ഭർത്താവിനോടും അച്ഛനമ്മമാരോടും എന്തിന് കാമുകി കാമുകന്മാരോടുപോലും വളരെ ഔപചാരികമായാണ് എല്ലാവരും പെരുമാറുന്നത്. അങ്ങനെ പെരുവമാറാത്തവർ കൂട്ടത്തിൽ ഒറ്റപ്പെട്ടു പോകുന്നു. അന്നത്തെ ഗതാഗത-വാർത്താവിനിമയ രീതികളും നോവലിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്, അവയ്ക്ക് കഥാഗതിയിൽ വലിയ സ്വാധീനവും ഉണ്ട്.

നോവലിന്റെ  തുടക്കത്തിൽ അന്നാ തന്റെ സഹോദരന്റെ   ശിഥിലമാകാൻ പോകുന്ന കുടുംബം നേരെയാക്കി കൊടുക്കുന്നുണ്ടെങ്കിലും തന്റെ ജീവിതത്തിന്റെ കാര്യം വരുമ്പോൾ കാര്യങ്ങൾ മറ്റൊരുതരത്തിൽ ആകുന്നു. അതി സുന്ദരിയും ബുദ്ധിമതിയും ആയ അന്നായ്ക്ക്  എന്നാൽ ജീവിതത്തിൽ നല്ല അനുഭവങ്ങൾ അല്ല നേരിടേണ്ടി വരുന്നത്. നോവലിന്റെ തുടക്കത്തിൽ താറുമാറായിക്കിടന്ന ബാക്കി എല്ലാവരുടെയും  ജീവിതങ്ങൾ നോവൽ തീരാറാകുമ്പോഴേക്കും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ശുഭസൂചനകളിലേക്ക് നീങ്ങുന്നുണ്ടെങ്കിലും അന്നായുടെ കാര്യത്തിൽ അങ്ങനെയല്ല സംഭവിക്കുന്നത്.

ഒരുപക്ഷേ അന്നാ ഒരു ആണായിരുന്നെങ്കിൽ അവർക്ക് ഇത്രയും  പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. പലകാര്യങ്ങളിലും നാം വിചാരിക്കുന്നതിലും അധികം സ്വാതന്ത്ര്യവും പല സന്ദർഭങ്ങളിലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവുമെല്ലാം സ്ത്രീകൾക്കുണ്ടെങ്കിലും ഇങ്ങനെ ചില മാമൂൽ പ്രശ്നങ്ങൾ വരുമ്പോൾ അത് കൂടുതൽ ബാധിക്കുന്നത് ബാക്കി എല്ലായിടത്തെയും പോലെ അവിടെയും സ്ത്രീകളെ തന്നെയാണ്. മാനസിക സംഘർഷങ്ങൾ അന്നായുടെ പങ്കാളിയാകുന്ന വ്രോൻസ്‌കിക്കും ഭർത്താവ് കരേനിന്നും ഉണ്ടാകുന്നുണ്ട് എങ്കിലും സൊസൈറ്റിയിലെ ജനങ്ങൾ "തെറ്റ്" എന്ന് വിളിക്കുന്ന ഒരു കാര്യം ചെയ്തിട്ട് അവരുടെ നടുവിലേക്ക് ഇറങ്ങി ചെല്ലാൻ പുരുഷൻമാർക്ക് കഴിയുകയും സ്ത്രീകൾക്ക് കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് നോവലിന്റെ പശ്ചാത്തലത്തിൽ ഉള്ള റഷ്യയിലുള്ളത്. പലയിടത്തും ഇന്നും അത് അങ്ങനെ തന്നെയാണ്.

ഇതുകൂടാതെ നോവലിൽ പൊതുവായികണ്ട മറ്റൊരു കാര്യം മനുഷ്യരുടെ കുഴഞ്ഞുമറിഞ്ഞ ചിന്തകളെ വായനക്കാരിലേക്ക് എത്തിക്കുന്നതാണ്. പല പല മാനസിക സംഘർഷങ്ങളിൽ ഏർപ്പെടുന്ന കഥാപാത്രങ്ങൾ താൻ ഇനി ജീവിക്കണോ, മരിക്കണോ, അതുപോലെ ദൈവം ഉണ്ടോദൈവത്തെ നാം വിശ്വസിക്കണോഗ്രാമ ജീവിതമാണോ നഗരജീവിതമാണോ നല്ലത് ... അങ്ങനെ പല രീതിയിലുള്ള സംഘർഷങ്ങൾ എല്ലാ കഥാപാത്രങ്ങൾക്കും ഉണ്ട്. അവരവർക്ക് ചുറ്റുമുള്ള അവരെ സ്നേഹിക്കുന്നവരുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള ഉത്തരം ഓരോരുത്തരും കണ്ടെത്തുന്നത്.

    1870കളിലെ പൊതുവിലുള്ള റഷ്യൻ ജീവിതം നമുക്ക് മനസ്സിലാക്കിത്തരുന്ന ഈ പുസ്തകം വായിച്ചിരിക്കേണ്ടതുതന്നെയാണ്.

 


Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...