പലയിടങ്ങളിലും പുറംചട്ട കണ്ടതും, പലരും വായിക്കാൻ നിർദ്ദേശിച്ചതുമായ പുസ്തകമാണ് മുഹമ്മദ് അബ്ബാസിന്റെ വിശപ്പ്, പ്രണയം, ഉന്മാദം . പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എഴുത്തുകാരൻ ജീവിക്കുവാനുള്ള നെട്ടോട്ടത്തിനിടയിൽ അനുഭവിച്ചതും കണ്ടതുമായ വിശപ്പുകളും ഉന്മാദങ്ങളും പ്രണയങ്ങളുമാണ് ലളിതമായ എന്നാൽ പൊള്ളുന്ന ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം ജീവിതവഴിത്താരകളിൽ നടന്ന സംഭവങ്ങളും,കയറിയിറങ്ങിപ്പോയ വ്യക്തികളുമൊക്കെയാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം എന്നതിനാൽ എഴുതിയ ഓരോ വാക്കുകളിലുമുള്ള ജീവിതച്ചൂട് അതേപടി പുസ്തകത്തിൽ കാണാന്‍ സാധിക്കും. പെരുമാള്‍ മുരുഗന്‍റെ എഴുത്തൊക്കെപ്പോലെ വായനക്കാരുടെ ഉള്‍ക്കാമ്പിലേക്ക് ആണിയടിച്ചുകയറുന്ന ഭാഷയാണ് മുഹമ്മദ് അബ്ബാസിന്റെത്.
ഒരു മനുഷ്യജീവിതത്തിൽ ചെയ്യാവുന്ന ഏതാണ്ടെല്ലാ പണികളും ചെയ്ത് ജീവിതം കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ഗൃഹനാഥനാണ് എഴുത്തുകാരൻ . ചെറുപ്പത്തിൽ തന്നെ ആരംഭിച്ച വായനയിൽ നിന്നാണ് അദ്ദേഹം അക്ഷരങ്ങളെയും എഴുത്തിനെയും പ്രണയിച്ചത്. കോവിഡ് കാലത്ത്, പലരുടെയും ജീവിതം പോലെത്തന്നെ അദ്ദേഹത്തിന്റെയും ജീവിതം മുന്നോട്ടുപോകാൻ പ്രയാസമായിരുന്ന സമയത്താണ് പ്രസ്തുത പുസ്തകം എഴുതുന്നത്. വായിക്കുന്ന പക്ഷം ഒരുപക്ഷേ ശീര്‍ഷകത്തില്‍ സൂചിപ്പിക്കുന്ന വികാരങ്ങളെക്കാള്‍ ഒരു വായനക്കാരനു ലഭിക്കുന്നത് സങ്കടം അല്ലെങ്കില്‍ വിഷമം എന്ന വികാരമാകും. തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കേണ്ട ഒന്നുതന്നെയാണ് .

Nice
ReplyDelete👍🏻👍🏻
Delete