Skip to main content

വായനക്കാരന്റെ നിരീക്ഷണം ശരീരശാസ്ത്രം - ബെന്യാമിൻ

    



        വായനയിൽ നിന്ന് ചെറിയ ഒരു ഇടവേള വന്നതിനുശേഷം പല പുസ്തകങ്ങളും വായിക്കാൻ നോക്കിയെങ്കിലും അതൊന്നും പൂർത്തിയാവാതെ പാതിയിൽ നിലച്ചുപോയിരുന്നു. അതിനുശേഷം ലൈബ്രറിയിൽ പരതിയപ്പൊഴാണ് ഇതുവരെയുള്ള എന്റെ വായനയിൽ ഏറ്റവും സേഫ് ഓപ്ഷനായ ബെന്യാമിന്റെ ഒരു പുസ്തകം പതിവില്ലാതെ റാക്കിൽ ഇരിക്കുന്നത് കണ്ടത്. മടിക്കാതെ അതെടുത്തു. അതാണ് "ശരീരശാസ്ത്രം"  ഇത്തവണയും ബെന്യാമിന്റെ പുസ്തകം എന്നെ ഒട്ടും നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല ബെന്യാമിന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയാണ് ഈ പുസ്തകത്തിൽ ഉണ്ടായിരുന്നത് എന്നാണ് എനിക്ക് തോന്നിയത്.

     ഞാൻ ഇതുവരെ വായിച്ച ബെന്യാമിന്റെ നോവലുകൾ  പരിശോധിച്ചപ്പോൾ അവയിൽ എല്ലാം മിക്കവാറും ഒരാളുടെ പോയിന്റ് ഓഫ് വ്യൂവിൽ നിന്നായിരുന്നു  അവ എഴുതിയിരുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പല സുഹൃത്തുക്കളുടെ പോയിന്റ് ഓഫ് വ്യൂ  ആണ് ഈ നോവലിൽ ഉള്ളത് എന്ന് മനസ്സിലാക്കാം.  അതിനാൽ തന്നെ എല്ലാ കഥാപാത്രങ്ങളുടെയും രീതികളും സ്വഭാവ സവിശേഷതകളും  വ്യക്തമായി തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. 

     പുസ്തകത്തിലേക്ക് വന്നാൽ മിഥുൻ എന്ന കൂട്ടുകാരന്റെ  മരണത്തിന് പിന്നിൽ ദുരൂഹതകൾ ഉണ്ടെന്ന് മനസ്സിലാക്കുന്ന കൂട്ടുകാർ അത് നീക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതും, മരണത്തിന് പിന്നിൽ നടക്കുന്ന ഓരോ സത്യങ്ങളും അറിയുമ്പോൾ അവർക്കും, അതുവഴി വായനക്കാർക്കും ഉണ്ടാകുന്ന തിരിച്ചറിവുകളുമാണ്  ഇതിന്റെ പ്രമേയം

    ക്രിസ്ത്യൻ മതത്തെ കൂട്ടുപിടിച്ച് പ്രാർത്ഥന സംഘങ്ങളും ഫെലോഷിപ്പുകളും  ഉണ്ടാക്കി അതിലേക്ക് ചാരിറ്റി വഴിയും  ആശുപത്രികൾ വഴിയുമെല്ലാം കൂടുതൽ ആളുകളെ അതിലേക്ക് ചേർത്ത് ആ സംഘങ്ങൾ വളരെ വലുതാക്കുകയും അതിനൊപ്പം അതിന്റെ പിന്നാമ്പുറങ്ങളിൽ അവയവ കച്ചവടം ഉൾപ്പെടെയുള്ളവ നടത്തുകയും ചെയ്യുന്ന ഒരു കൂട്ടം ആൾക്കാരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് നോവലിസ്റ്റ്. നോവലിൽ മാത്രമല്ല യഥാർത്ഥത്തിലും ഇങ്ങനെ സംഘങ്ങൾ ഉണ്ടെന്നാണ് നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ മുഖേന മനസ്സിലാകുന്നത്. കയ്യും കാലും ഒടിഞ്ഞവരുടെ ഒടിവ് പ്രാർത്ഥന മൂലം മാറി എന്നതുപോലെയുള്ള വാർത്തകൾ നാം കണ്ടിട്ടുണ്ടല്ലോ. അതിന് പിന്നിലെ സത്യാവസ്ഥകൾ മറ നീക്കി പുറത്തുകൊണ്ടുവരാനും നോവലിസ്റ്റ് ഇതിലൂടെ ശ്രമിക്കുന്നുണ്ട്.

    ഇതിലേക്ക് ആളുകളെ ചേർക്കുന്ന രീതി വളരെ ഗംഭീരമാണ്.  ഉദാഹരണത്തിന് നാടിൽ നിന്നും നാട്ടുകാരിൽ നിന്നും എന്തെങ്കിലും രീതിയിൽ വിട്ടുനിൽക്കുന്ന ഒരു കുടുംബം ഉണ്ടെങ്കിൽ അവരെ പോയിക്കണ്ട്  ദൈവം നിങ്ങളുടെ ഒപ്പമുണ്ട് എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് , പണമില്ലായ്മ മൂലം എന്തെങ്കിലും കോഴ്സോ ജോലിയോ കിട്ടാത്തവർ ഉണ്ടെങ്കിൽ അവരെ അങ്ങനെ സഹായിച്ച്, സ്വന്തം കുടുംബാംഗങ്ങൾക്കോ മറ്റോ അസുഖമോ മറ്റോ ഉണ്ടെങ്കിൽ അവരെ മികച്ച ആശുപത്രിയിൽ എത്തിച്ച് അവിടെ മികച്ച ചികിത്സ കൊടുത്ത് ... അങ്ങനെയൊക്കെയാണ്  ഇവർ സംഘങ്ങളുടെ അംഗസംഖ്യ വർദ്ധിപ്പിക്കുന്നത്. ഒരുതവണ ഫെലോഷിപ്പുകളിലോ ഇതുപോലെയുള്ള ഫൗണ്ടേഷനുകളിലോ അംഗമായി കഴിഞ്ഞാൽ ഇവർക്ക് അതിൽ നിന്ന് പുറത്ത് കടക്കുക പ്രയാസമാണ്. അഥവാ പുറത്ത് കടന്നാൽ എന്തെങ്കിലും രീതിയിൽ ഇവരെ ഇല്ലായ്മ ചെയ്യും.

        ഇപ്രകാരം  നോവലിലെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് മനസ്സിലാക്കിയ  ഇവരുടെ സംഘത്തിലുള്ളവർ അജ്ഞാതമായ രീതിയിൽ മരണപ്പെട്ടതായി കാണിക്കുന്നുണ്ട്. അതുകൊണ്ട് ഇതിൽ അകപ്പെട്ടവർ അറിഞ്ഞോ അറിയാതെയോ ഈ സംഘങ്ങളുടെ കൊള്ളരുതായ്മയ്ക്ക് കൂട്ടുനിൽക്കുന്നുണ്ട്.  മാർക്കറ്റിൽ അവയവ കച്ചവടത്തിനായി മരണസാധ്യതയില്ലാത്ത ചില രോഗികളെ വരെ ഇല്ലായ്മയും ചെയ്യുന്നുണ്ട് എന്ന് ഇവരുടെ അന്വേഷണത്തിൽ മനസ്സിലാകുന്നുണ്ട് എങ്കിലും ഇതിന് പിന്നിലുള്ളവരെ  നിയമത്തിനു മുന്നിൽ എത്തിക്കാനോ ശിക്ഷിക്കാനോ  ഇവർക്ക് കഴിയുന്നില്ല. ഇങ്ങനെയൊരു അന്വേഷണത്തിന് പിന്നാലെ പോകുന്നവരെ വളരെ പെട്ടെന്ന് തന്നെ  ഇത്തരം ഫെലോഷിപ്പുകളുടെ തലപ്പത്തിരിക്കുന്നവർ കണ്ടുപിടിക്കുകയും അവരുടെ ഫോൺ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള നീക്കങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. അവസാനം സ്വന്തം ജീവൻ രക്ഷിക്കാനും ബാക്കിയുള്ള ജീവിതം സമാധാനമായി ജീവിക്കുവാനും വേണ്ടി  അവർ താമസിക്കുന്ന നഗരത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയല്ലാതെ അവർക്ക് മറ്റു മാർഗ്ഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

    ദൈവത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം തട്ടിപ്പുകളെ തുറന്നു കാണിക്കുന്ന  ഈ നോവലിൽ  പക്ഷേ  ദൈവത്തെയോ  ദൈവ ഭക്തിയെയോ കുറച്ചു കാണിക്കുന്നില്ല എന്ന് മാത്രമല്ല  ദൈവഭക്തി ആവശ്യമാണെന്നും ദൈവം മാത്രമേ എപ്പോഴും കൂടെയുള്ളു എന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. 

    നോവൽ അവസാനിക്കുമ്പോൾ ആണ്  ശരീരശാസ്ത്രം "in the name of fourth partner" എന്ന പുസ്തകത്തിന്റെ തലക്കെട്ട് മുഴുവനായി മനസ്സിലാകുന്നത്. തുടക്കക്കാർക്ക് ഉൾപ്പെടെ  ഉദ്വേഗം ജനിപ്പിക്കുന്ന രീതിയിലുള്ള  ഈ പുസ്തകം തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്ന് തന്നെയാണ്.

Comments

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...