Skip to main content

വായനക്കാരന്റെ നിരീക്ഷണം : കങ്കണം -പെരുമാൾ മുരുകൻ

 

    


    

    

    അർദ്ധനാരി, ആലവായൻ എന്നീ പുസ്തകങ്ങൾക്ക് ശേഷം വായിക്കുന്ന പെരുമാൾ മുരുകന്റെ പുസ്തകമാണ് കങ്കണം. കങ്കണം എന്നത് ഉത്സവങ്ങൾക്കും കല്യാണങ്ങൾക്കും ഒക്കെ കയ്യിൽ കെട്ടുന്ന മഞ്ഞച്ചരടിന് പൊതുവേ പറയുന്ന ഒരു പേരാണ്. അത് കെട്ടിക്കഴിഞ്ഞാൽ ഏതു കാര്യത്തിനാണോ അത് കെട്ടിയത് അത് കഴിയാതെ പുറത്തിറങ്ങാൻ പാടില്ല എന്നാണ് പഴമക്കാര്‍ പറയുന്നത്. വേറൊരു തരത്തില്‍ പറഞ്ഞാൽ കങ്കണം കെട്ടുക എന്നതുകൊണ്ട് ഏതെങ്കിലും ഒരു ദൗത്യം ഏറ്റെടുത്ത് അതിൽ ശ്രദ്ധലുവായിരിക്കുന്നു എന്ന വ്യംഗ്യാർത്ഥം കൂടി എടുക്കാവുന്നതാണ്. വാച്യാർത്ഥവും വ്യംഗ്യാർത്ഥവും അക്ഷരാർത്ഥത്തിൽ ശരിയാകുന്ന രീതിയിലുള്ള ഒരു നോവലാണ് കങ്കണം. പറയാൻ ഉദ്ദേശിക്കന്ന വിഷയവും അത് അവതരിപ്പിച്ച രീതിയും വച്ചു നോക്കുമ്പോൾ മുൻപ് വായിച്ച പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി കുറച്ചു ലളിതമായ ഒരു വിഷയമാണ് ഇതിൽ കൈകാര്യം ചെയ്യുന്നത് എന്നാണ് തോന്നിയത്. എന്നിരുന്നാലും മുന്‍ നോവലുകളിലെപ്പോലെ വാചകങ്ങളിലെ തീക്ഷ്ണതകൾ ഇടയ്ക്ക് കാണാൻ സാധിക്കുന്നുണ്ട്.

നോവലില്‍ ഏതാണ്ട് രണ്ടായിരാമാണ്ടോടു കൂടി തമിഴകത്തുണ്ടായിരുന്ന പുരുഷന്മാർക്ക് കല്യാണത്തിന് സ്ത്രീകളെ ലഭിക്കാനുണ്ടായിരുന്ന പ്രയാസത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളാണ് പ്രതിപാദ്യ വിഷയം. ഏതാണ്ട് 35 വയസോളമായി കല്യാണം കഴിയാതെ നിൽക്കുന്ന മാരിമുത്തു എന്ന കർഷകനാണ് ഇതിലെ പ്രധാന കഥാപാത്രം. അവിടുത്തെ രീതിയിൽ അന്നൊക്കെ 15-16 വയസുമുതൽക്കുതന്നെ ആണുങ്ങൾ കല്യാണം കഴിച്ചുതുടങ്ങും. അതിനാൽ തന്നെ ഏതാണ്ട് ആ പ്രായമായപ്പോൾ പലപല കല്യാണ ബ്രോക്കർമാരുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും എല്ലാം വഴിക്ക് ആരംഭിക്കുന്ന മാരിമുത്തുവിന്റെ കല്യാണാലോചന തന്റെ തന്നെ വീട്ടുകാരുടെയും ബന്ധുക്കളുടെയും പ്രശ്നങ്ങൾ കൊണ്ടോ മറ്റു സാങ്കേതിക തടസങ്ങൾ കൊണ്ടോ നടക്കാതെ വരികയാണ്. ഇതുമൂലം മാരിമുത്തു വിഷാദത്തിലാവുകയും എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ജീവിതം തന്നിലേക്കൊതുക്കുകയും ചെയ്യുന്നു. എന്നാൽ പൊതുവെ എല്ലാവരോടും സംസാരിച്ച്, എല്ലാവരും ഒരുമിച്ചുപോകണമെന്ന ആഗ്രഹമുള്ള അയാൾക്ക് അതത്ര എളുപ്പമുള്ളതാകുന്നില്ല. അതേസമയം പൂർവികരുടെ തർക്കം മൂലം മുടങ്ങിയ കുടുംബക്കാരുടെ സ്ഥലം ഭാഗം വയ്ക്കുന്നതിന്റെ ഒരു കടമയും അയാൾക്കുണ്ടാകുന്നുണ്ട്. പ്രസ്തുത വിഷയത്തിലും ബന്ധുക്കളുടെ നിലപാടുകൾ അയാളെ കുരുക്കിലാക്കുന്നുണ്ട്.

കല്യാണമേ വേണ്ട എന്ന് വിചാരിച്ച് പറമ്പിലെ കൃഷിപ്പണികളും, വിളവ് ചന്തയിൽ കൊണ്ടുപോയി വില്പനയുമെല്ലാം ചെയ്ത് സമയം കഴിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരുസമയത്തും മാരിമുത്തുവിന് ആ ചിന്തയില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കുന്നില്ല, എന്നു മാത്രമല്ല കല്യാണം കഴിയാതെ ജീവിതത്തിനൊരു അർത്ഥവുമില്ല എന്നൊരു നിഗമനത്തിലാണ് അയാളുടെ എന്നത്തെയും ദിവസം അവസാനിക്കുന്നതും. നാട്ടിലുള്ള പല ആണുങ്ങളും പുറമേ പോയി ജോലി നോക്കുകയും കല്യാണം കഴിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വീട്ടുകാരുടെ നിർബന്ധം കാരണം മാരിമുത്തുവിന് നാടും വീടും വിട്ടുപോകാൻ സാധിക്കുന്നില്ല. അതുകൊണ്ട് അയാളുടെ കല്യാണാലോചനകൾ നാട്ടിലൊതുങ്ങുന്നു.

അതുകൊണ്ടുതന്നെ മാരിമുത്തു തന്റെ പറമ്പിൽ പണിക്ക് വരുന്ന കുപ്പന്റെ മകന്റെ ഉൾപ്പെടെയുള്ളവരുടെ കല്യാണം നടക്കുന്നത് വളരെ അസൂയയോടെ നോക്കി കാണുകയും ചിലപ്പോഴെങ്കിലും മനസ്സാലെ അവ നടക്കരുത് എന്ന് ആഗ്രഹിക്കുകയും ചെയ്തു. അവസാനം രാമൻ എന്ന മുത്തുവിന്റെ കുട്ടിക്കാലത്തെ കൂട്ടുകാരന്റെ ശ്രമഫലമായി ഒരു ബന്ധം ഒത്തുവരികയും, അവർ വളരെ ശ്രദ്ധാപൂർവം, പാടുപെട്ട് കല്യാണം നടത്താൻ ശ്രമിക്കുന്നതുമാണ് നോവലിൽ പിന്നീട് കാണിച്ചിരിക്കുന്നത്. ഓരോ കല്യാണവും നടക്കുന്നതിനു മുൻപുള്ള തയാറെടുപ്പുകളുടെ സമയത്ത് അവർ ചെറുതല്ലെന്ന് കാണിക്കുവാൻ ഓരോ കുടുംബക്കാർ കാണിക്കുന്ന അഹംഭാവം വഴി എന്തുമാത്രം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നോവലിലൂടെ വ്യക്തമായി കാണിച്ചിരുന്നു. 2000 ആണ്ടിലും ജാതി സമവാക്യങ്ങൾ എത്രത്തോളം ശക്തമാണെന്ന് നോവലിന്റെ പല ഭാഗങ്ങളിൽനിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.

മാരിമുത്തുവിന്റെ മനോവ്യാപാരങ്ങൾ നോവലിസ്റ്റ് വരച്ചിട്ട രീതി വളരെ പ്രശംസനീയമാണ്. എല്ലാവരെയും ഒത്തു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ പലപ്പോഴും അയാൾക്ക് തന്നെ മനസ്സിന്റെ പിടുത്തം കൈവിട്ടു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ അപ്പോൾ വായിൽ നിന്നും പുറത്തേക്ക് വരുന്ന വാക്കുകൾ അയാൾക്ക് നിയന്ത്രിക്കാൻ പറ്റാതെ വരുന്നുമുണ്ട്. മാരിമുത്തുവിന്റെ മാത്രമല്ല അതിൽ വരുന്ന ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവവും, ആ നാട്ടുകാരുടെ സംസാരരീതിയും, ആചാരങ്ങളും, അതുവഴി ആ കാലഘട്ടത്തിന്റെ പ്രത്യേകത മൊത്തത്തിൽ നമുക്ക് മനസിലാകുന്ന രീതിയിലാണ് പെരുമാൾ മുരുകൻ നോവൽ എപ്പോഴത്തെയും പോലെ നോവൽ നമുക്ക് മുന്നിലേക്കെത്തിച്ചിരിക്കുന്നത്.

അധികം നോവലുകളിൽ ചർച്ചചെയ്ത് കണ്ടിട്ടില്ലാത്ത ഈ വിഷയം വളരെ മനോഹരമായി ചിത്രീകരിച്ച, നോവലിസ്റ്റ് തന്റെ തനതുരീതിയിൽ നിന്നും കുറച്ചു വ്യത്യസ്തമായി എഴുതിയ "കങ്കണം" തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.

 

Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...