“വിഷയാസക്തനും മോഷ്ടാവും യോദ്ധാവും പീഡിതനും കമിതാവുമല്ലേ ദിവസങ്ങളെ വൈവിധ്യപൂർണ്ണമായി ആസ്വദിക്കുന്നുള്ളൂ, ധനികനും സുവിശേഷകനും വിശ്വാസിയും മാന്യനും വെറുതെ ഉണർന്നിരിക്കുന്നതേയുള്ളൂ... വെറും മരപ്പാവകൾ”. പുസ്തക പ്രേമികളായ ഒരു കൂട്ടം ആൾക്കാരുടെ ഓൺലൈൻ പേജിലെ പോസ്റ്റിൽ "നിങ്ങൾ വായിച്ച പുസ്തകങ്ങളിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയിട്ടുള്ള പുസ്തകം ഏതാണ്" എന്ന ചോദ്യത്തിന് കിട്ടിയ കമന്റുകളിൽ ഏറ്റവും കൂടുതൽ ആൾക്കാർ അഭിപ്രായപ്പെട്ട ഒരു പുസ്തകമാണ് അരുൺ ആർഷ എഴുതിയ ‘ദാമിയന്റെ അതിഥികൾ’. പുസ്തകത്തെയും എഴുത്തുകാരനെയും മുൻപരിചയം ഇല്ലാത്തതിനാൽ യാതൊരു മുൻധാരണയുമില്ലാതെ വായിച്ച പുസ്തകമാണ് ഇത്. എന്നാൽ വായിച്ചു തീർന്നപ്പോൾ പ്രസ്തുത പോസ്റ്റിൽ പറഞ്ഞതുപോലെ തീർച്ചയായും അണ്ടർ റേറ്റഡായിട്ടുള്ള ഒരു പുസ്തകമാണ് ഇത് എന്ന് ബോധ്യമായി. പുസ്തകത്തിലേക്ക് വന്നാൽ തെക്കേ അമേരിക്കയിലെ സ്വർണ്ണ ശേഖരം തേടി വരുന്ന സ്പാനിഷ് നാവികരുടെ കഥയാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. തെക്കേ അമേരിക്കയിൽ ധാരാളമായി കാണുന്ന മഞ്ഞലോഹം ചിലി ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഭരിച്ചിരുന്ന, എന്ന...