Skip to main content

വായനക്കാരന്റെ നിരീക്ഷണം : ദാമിയന്റെ അതിഥികൾ- അരുൺ ആർഷ


    “വിഷയാസക്തനും മോഷ്ടാവും യോദ്ധാവും പീഡിതനും കമിതാവുമല്ലേ ദിവസങ്ങളെ വൈവിധ്യപൂർണ്ണമായി ആസ്വദിക്കുന്നുള്ളൂ, ധനികനും സുവിശേഷകനും വിശ്വാസിയും മാന്യനും വെറുതെ ഉണർന്നിരിക്കുന്നതേയുള്ളൂ... വെറും മരപ്പാവകൾ”.

    പുസ്തക പ്രേമികളായ ഒരു കൂട്ടം ആൾക്കാരുടെ ഓൺലൈൻ പേജിലെ പോസ്റ്റിൽ "നിങ്ങൾ വായിച്ച പുസ്തകങ്ങളിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയിട്ടുള്ള പുസ്തകം ഏതാണ്" എന്ന ചോദ്യത്തിന് കിട്ടിയ കമന്റുകളിൽ ഏറ്റവും കൂടുതൽ ആൾക്കാർ അഭിപ്രായപ്പെട്ട ഒരു പുസ്തകമാണ് അരുൺ ആർഷ എഴുതിയ ‘ദാമിയന്റെ അതിഥികൾ’. പുസ്തകത്തെയും എഴുത്തുകാരനെയും മുൻപരിചയം ഇല്ലാത്തതിനാൽ യാതൊരു മുൻധാരണയുമില്ലാതെ വായിച്ച പുസ്തകമാണ് ഇത്. എന്നാൽ വായിച്ചു തീർന്നപ്പോൾ പ്രസ്തുത പോസ്റ്റിൽ പറഞ്ഞതുപോലെ തീർച്ചയായും അണ്ടർ റേറ്റഡായിട്ടുള്ള ഒരു പുസ്തകമാണ് ഇത് എന്ന് ബോധ്യമായി.

        പുസ്തകത്തിലേക്ക് വന്നാൽ തെക്കേ അമേരിക്കയിലെ സ്വർണ്ണ ശേഖരം തേടി വരുന്ന സ്പാനിഷ് നാവികരുടെ കഥയാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. തെക്കേ അമേരിക്കയിൽ ധാരാളമായി കാണുന്ന മഞ്ഞലോഹം ചിലി ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഭരിച്ചിരുന്ന, എന്നാൽ പുറംലോകവുമായി വലിയ ബന്ധമില്ലാതെ ഇരുന്ന ഇൻകാ വംശത്തിന് വലിയ വിലയില്ലാത്തതും എന്നാൽ യൂറോപ്പ് ഉൾപ്പെടെയുള്ള പുറം രാജ്യങ്ങളിൽ വളരെയധികം വിലയുള്ളതും, ചക്രവർത്തിമാർ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമുള്ളതുമായ ഒന്നാണ്. മഞ്ഞലോഹം ലഭിക്കുന്ന കൃത്യമായ സ്ഥാനം അറിയാത്തതിനാൽ അതിനെത്തേടി പലകാലങ്ങളിലായി പല കപ്പിത്താന്മാരും, ഭാഗ്യാന്വേഷികളും പുറപ്പെട്ടിട്ടുണ്ടെങ്കിലും അങ്ങനെയുള്ള ഭൂരിഭാഗം യാത്രകളും നടുക്കടലിലോ ഒരു പച്ചപ്പുല്ലുപോലും കിളിർക്കാത്ത ദ്വീപുകളിലോ അവസാനിക്കാറാണ് പതിവ്. എന്നാൽ സ്വർണ്ണത്തോടുള്ള അമിതമായ ആർത്തി മൂലവും, അതു ലഭിച്ചാൽ ഉണ്ടാകുന്ന സ്ഥാനമാനങ്ങൾ മൂലവും വീണ്ടും വീണ്ടും ഇതുപോലെയുള്ള ഭാഗ്യാന്വേഷികൾ ഉണ്ടാകുന്നുണ്ട്. മുൻപ് കടന്നുപോയ നാവികർ ബാക്കിവെച്ച സൂചനകൾ ഇവരെ മുൻപ് വന്നവനേക്കാൾ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നു. അങ്ങനെ സ്പെയിനിൽ  നിന്നും പുറപ്പെട്ട പല പല സംഘങ്ങൾ കടന്നുപോകുന്ന പല രീതിയിലുള്ള   സംഘർഷങ്ങളാണ് പ്രസ്തുത നോവലിൽ പ്രതിപാദിച്ചിരിക്കുന്നത് 

     ഒരുതരത്തിൽ പറഞ്ഞാൽ തെക്കേ അമേരിക്കയിലേക്കുള്ള സ്പാനിഷ് അധിനിവേശത്തിന്റെ ആരംഭവും ഈ നോവലിലൂടെ പറഞ്ഞുവെക്കുന്നുണ്ട്. നിധിശേഖരം കൈപ്പിടിയിലാക്കുന്നതിനൊപ്പം ഇത്തരം ആൾക്കാർക്ക് അധികാര സ്ഥാനങ്ങളോടുള്ള മോഹവും കലശലാണ്. അതിനാൽ തന്നെ പലപ്പോഴും വളരെയധികം രക്തരൂക്ഷിതമായ പോരാട്ടങ്ങളിലാണ് ഇത്തരം മോഹങ്ങൾ ചെന്നെത്തുക. സ്പാനിഷ് അധിനിവേശം ചരിത്രത്തിൽ തന്നെ വളരെ ക്രൂരത നിറഞ്ഞ ഒന്നായിട്ടാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

        കഥാപരിസരം നൂറ്റാണ്ടുകൾ മുമ്പേയുള്ള  സ്പെയിൻ - തെക്കേ അമേരിക്ക ഭാഗങ്ങളായതിനാലും, അവയുടെ ചരിത്രം അധികം മനസ്സിലാക്കിയിട്ടില്ലാത്തതിനാലും തുടക്കത്തിൽ നോവലിന്റെ ഉള്ളാഴങ്ങളിലേക്കെത്താനായി കുറച്ച് താമസം പിടിച്ചെങ്കിലും എത്തിയതിനു ശേഷം ഭാഗ്യാന്വേഷികളുടെ കപ്പലിൽതന്നെയാണ് ഞാനും സഞ്ചരിച്ചത്. ഒരൊറ്റ പുസ്തകം കൊണ്ടു തന്നെ എനിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൂട്ടത്തിലേക്ക് കയറാൻ അരുൺ ആർഷയ്ക്ക് സാധിച്ചു. ദാമിയന്റെ അതിഥികളെ തീർച്ചയായും എല്ലാവരും പരിചയപ്പെടേണ്ടതുതന്നെയാണ്.

Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...