"കോരപ്പാപ്പന്
സ്തുതിയായിരിക്കട്ടെ" എന്നപേരിൽ ടി.ഡി രാമകൃഷ്ണൻ എഴുതിയ ഫ്രാൻസിസ് ഇട്ടിക്കോരയുടെ
രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്നറിഞ്ഞത് മുതൽ അത് വായിക്കണം
എന്നുറപ്പിച്ചിരുന്നു. കാരണം ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിൽ നിന്ന് കിട്ടിയ വായനാനുഭവം തന്നെയാണ്. ഒരു നോവലില്‍ എന്തെല്ലാമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള ഹിംസ, രതി, ഗണിതം, ചരിത്രം എന്നിവയെ
അത്ഭുതപ്പെടുത്തുന്ന രീതിയിൽ കോർത്തിണക്കി, ആ
കാലഘട്ടത്തിൽ ജീവിച്ചിരുന്ന വളരെ പ്രശസ്തരായ വ്യക്തികളെ വളരെ സമർത്ഥമായി തന്റെ കഥയുമായി മിശ്രണം ചെയ്ത്, ഇട്ടിക്കോര
എന്ന ഒരു കഥാപാത്രത്തെ മാത്രമല്ല ഒരു കുലത്തെയും അവരുടെ ആചാരങ്ങളെയും മൊത്തം
സൃഷ്ടിച്ചെടുത്ത നോവലിസ്റ്റിന്റെ കഴിവ് വളരെ പ്രശംസനീയമാണ്. അതുകൊണ്ടുതന്നെയാണ് എന്റെ വായനയുടെ പ്രാരംഭദശയിൽ വായിച്ച ആ പുസ്തകം രണ്ടാം ഭാഗം ഇറങ്ങുന്നതിന് മുമ്പ് ഒന്നുകൂടി വായിക്കണം
എന്ന് തീരുമാനിച്ചത്.
പുസ്തകത്തിലേയ്ക്ക് വന്നാൽ അമേരിക്കൻ പട്ടാളത്തിന്റെ
ഇറാഖി അധിനിവേശ സമയത്ത് തന്റെ ലൈംഗിക ശേഷി നഷ്ടപ്പെട്ട സേവിയർ ഇട്ടിക്കോര എന്ന പട്ടാളക്കാരൻ അത് വീണ്ടെടുക്കുവാൻ വേണ്ടി കേരളത്തിലെ
"ദ സ്കൂൾ" എന്ന സ്ഥാപനവുമായി ബന്ധപ്പെടുന്നു. ബിന്ദു, രേഖ, രശ്മി എന്ന മൂന്ന്
യുവതികൾ നിയന്ത്രിക്കുന്ന ആ സ്ഥാപനത്തിലേക്ക് പണമയക്കുവാനായി
അവർക്ക് മുമ്പിൽ സേവിയർ മറ്റൊരു നിബന്ധന കൂടി വയ്ക്കുന്നു.
പതിനഞ്ചാം നൂറ്റാണ്ടിൽ കുന്നംകുളത്ത് ജനിച്ച ഫ്രാൻസിസ് ഇട്ടിക്കോര എന്ന
തന്റെ മുൻഗാമിയായ കച്ചവടക്കാരനെപ്പറ്റിയുള്ള വിവരങ്ങൾ സംഘടിപ്പിക്കണം.
അവരത് ഏറ്റെടുക്കുന്നതോടുകൂടി കഥ മുന്നോട്ടു പോവുകയാണ്. പ്രധമദൃഷ്ട്യാ
കുരുമുളക് കച്ചവടക്കാരനാണെങ്കിലും ഗണിതശാസ്ത്രത്തിന് വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് ഇട്ടിക്കോര എന്ന് സേവിയറിന്റെ മെയിലുകൾ
വഴിയും കുന്നംകുളത്തെ സൗഹൃദങ്ങളും ബന്ധങ്ങളും നടത്തുന്ന അന്വേഷണങ്ങൾ വഴിയും ദ സ്കൂളിന്റെ പ്രിൻസിപ്പാളായ രേഖയ്ക്ക് മനസ്സിലാകുന്നു.
പതിനെട്ടാം കൂറ്റുകാർ എന്ന്
വിളിക്കുന്ന കോരപ്പാപ്പന്റെ പിൻമുറക്കാർ ഒരു പ്രബല ശക്തിയായി കേരളമൊട്ടാകെയുള്ള സമസ്ത മേഖലയിലും പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെന്നും അവരുടെ സമ്പത്ത് നിലനിർത്താനായി പല രഹസ്യ ആചാരങ്ങളും
അവർ പിന്തുടർന്നുവരുന്നുണ്ടെന്നും കേരളത്തിലെ അന്വേഷണത്തിൽ നിന്നും അവർ മനസ്സിലാക്കുന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോ
സ്ഥലങ്ങളിൽ നിന്നുള്ള ഭീഷണികൾ വരുന്നുണ്ടെങ്കിലും അവരത് വകവയ്ക്കാതെ
മുന്നോട്ട് തന്നെ പോകുന്നു. ട
സമാന്തരമായി സേവിയർ ഇട്ടിക്കോരയും പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ അധ്യാപികയായിരുന്ന ഹഷിമോട്ടോ മോറിഗാമിയും ഇന്ത്യക്ക് വെളിയിൽ ഉണ്ടായിരുന്ന ഇട്ടിക്കോരയുടെ ചരിത്രം മനസ്സിലാക്കാൻ ശ്രമിക്കുകയുമാണ്
ചെയ്യുന്നത്. ചരിത്രത്താളുകളിൽ എങ്ങും ഇടം പിടിക്കാത്ത എന്നാൽ ചരിത്രത്തില്‍ വളരെ വലിയൊരു സ്ഥാനം അലങ്കരിക്കേണ്ടിയിരുന്ന കോരയെയും
അദ്ദേഹത്തിന്റെ സംഭാവനകളെയും കത്തോലിക്കാ സഭയിലെ പ്രമുഖർ അടക്കമുള്ളവർ ഇല്ലാതാക്കുകയായിരുന്നു എന്ന് അവർ കണ്ടെത്തുന്നു. “ഹൈപേഷ്യൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സ്” എന്ന
ഗണിത വിദ്യാലയത്തിനും, അവർ പ്രചരിപ്പിച്ചു വന്ന ഗണിത പഠനത്തിനും വളരെയധികം സംഭാവനകളും നൽകിയ ആളാണ് ഇട്ടിക്കോര എന്ന് അവർ കണ്ടെത്തുന്നു.
കേരളത്തിൽ കോരയെക്കുറിച്ച് അന്വേഷിച്ചപ്പോൾ സംഭവിച്ചത് പോലെ പുറം
രാജ്യങ്ങളിലെ തിരച്ചിലുകൾക്കിടയിലും അവർക്ക് പല ഭീഷണികളും ജീവൻവരെ പോകാൻ പാകത്തിലുള്ള അപകടങ്ങളും
സംഭവിക്കുന്നു. കേരളത്തിലെ അന്വേഷണങ്ങളുടെ ഫലമറിയാനും,
നഷ്ടപ്പെട്ടുപോയ ലൈംഗികശേഷി തിരിച്ചുപിടിക്കാനും തന്റെ പൂര്‍വികന്റെ നാട്ടിലേക്കെത്തിയ സേവിയറിനും, 'ദ സ്കൂളിന്റെ' നേതൃത്വത്തില്‍ കേരളത്തില്‍ അന്വേഷണങ്ങള്‍ നടത്തുന്നവര്‍ക്കുമുണ്ടാകുന്ന
ചില അനുഭവങ്ങളോടെ, തെല്ലൊരു ചോദ്യചിഹ്നമായിത്തന്നെയാണ് പുസ്തകം അവസാനിക്കുന്നത്.
കാനിബാളിസം പോലുള്ള ഹിംസാത്മകമായ ഒട്ടനേകം കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും നോവല്‍ ഒരു
ഘട്ടത്തിലും തരിമ്പുപോലും ആസ്വാദ്യകരമല്ലാതാകുന്നില്ല. ഹൈപ്പേഷ്യ, പാൾ എയർദോഷ്, അലക്സാണ്ടർ
ഗ്രോഥൻഡിക്ക്, ഡാവിഞ്ചി, റാഫേൽ, സംഗമ
ഗ്രാമമാധവൻ, തുപക് അമറു, ലോറൻസോ ഡിമെഡിച്ചി തുടങ്ങി ശരിക്കും ചരിത്രത്തിന്റെ
ഭാഗമായിരുന്ന അനേകം മഹാരഥന്മാരെയും ഇതില്‍ പ്രതിപാദിക്കുന്നുണ്ടെന്നതിനാല്‍ ഒരുവേള
ഇതെല്ലാം യാഥാര്‍ത്ഥ്യമാണോ എന്നു വായനക്കാരന് തോന്നുന്നതരത്തിലാണ് നോവല്‍ എഴുതിയിരിക്കുന്നത്. ടി
ഡി രാമകൃഷ്ണന്റെ ഇട്ടിക്കോര കൂടാതെ മുമ്പ് വായിച്ച നോവലുകൾ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, അന്ധർ ബധിരർ മൂകർ, ആൽഫ എന്നിവയാണ്. അവയെല്ലാം തന്നെ മികച്ച
വായനാനുഭവം തന്നിട്ടുള്ളവയാണ്.

💐
ReplyDelete