എഴുത്തുകാരിൽ ഏറ്റവും കൂടുതൽ വെർസെറ്റയിലായി എനിക്ക് തോന്നിയത് ജി ആർ ഇന്ദുഗോപനെ തന്നെയാണ്. ഓരോ പുസ്തകവും വായനക്കാരൻ വിചാരിക്കാത്ത മേഖലകളിൽ കൂടെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തിരിക്കുന്നത്. അവസാനമായി വായിച്ച ബിജബാങ്കിലെ പെൺകുട്ടി എന്ന പുസ്തകവും മുകളിൽ പറഞ്ഞതിന് അടിവരയിടുന്ന ഒന്നാണ്. പാശം, ബീജ ബാങ്കിലെ പെൺകുട്ടി എന്ന രണ്ടു ചെറു നോവലുകൾ അടങ്ങിയതാണ് ഈ പുസ്തകം. "പാശം" എന്ന ചെറു നോവലിലേക്ക് വരികയാണെങ്കിൽ, വാളെടുത്തവൻ വാളാൽ എന്ന പഴഞ്ചൊല്ലിന്റെ വികസിത രൂപം ആയിട്ടാണ് വായിച്ചപ്പോൾ തോന്നിയത്. ജീവിതത്തിലേക്ക് മടങ്ങിവരവില്ലാതെ മരണശയ്യയിൽ കിടക്കുന്നവരുടെ വീട്ടിൽ ആ കിടപ്പിന് ഒരു തീരുമാനം ഉണ്ടാക്കാൻ വേണ്ടി പോകുന്ന ചക്രപാണിയുടെ കഥയാണ് പാശം. ഒരുപാട് കാലം വയ്യാതെ കിടന്ന് വീട്ടുകാർക്ക് ഒരു "ഭാര"മാകുമ്പോൾ അവർ തന്നെയാണ് ചക്രപാണിയെ ഈ പണി ഏൽപ്പിച്ചു വരുന്നത്. അതുകൊണ്ടുതന്നെ കാലന്റെ ഒരു പ്രതിരൂപമായിട്ടാണ് നാട്ടുകാർ അയാളെ കാണുന്നത്. ഇങ്ങനെ മരണം സംഭവിക്കുന്നതിന് പിന്നിലെ ശാസ്ത്രം ഒന്നും അയാൾക്ക് അറിഞ്ഞുടെങ്കിലും ഒന്ന് രണ്ട് തവണ തന്റെ സാന്നിധ്യം ഫലം കണ്ടപ്പോൾ അയാളും അതി...