എഴുത്തുകാരിൽ ഏറ്റവും കൂടുതൽ വെർസെറ്റയിലായി എനിക്ക് തോന്നിയത് ജി ആർ ഇന്ദുഗോപനെ തന്നെയാണ്. ഓരോ പുസ്തകവും വായനക്കാരൻ വിചാരിക്കാത്ത മേഖലകളിൽ കൂടെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തിരിക്കുന്നത്. അവസാനമായി വായിച്ച ബിജബാങ്കിലെ പെൺകുട്ടി എന്ന പുസ്തകവും മുകളിൽ പറഞ്ഞതിന് അടിവരയിടുന്ന ഒന്നാണ്. പാശം, ബീജ ബാങ്കിലെ പെൺകുട്ടി എന്ന രണ്ടു ചെറു നോവലുകൾ അടങ്ങിയതാണ് ഈ പുസ്തകം.
"പാശം" എന്ന ചെറു നോവലിലേക്ക് വരികയാണെങ്കിൽ, വാളെടുത്തവൻ വാളാൽ എന്ന പഴഞ്ചൊല്ലിന്റെ വികസിത രൂപം ആയിട്ടാണ് വായിച്ചപ്പോൾ തോന്നിയത്. ജീവിതത്തിലേക്ക് മടങ്ങിവരവില്ലാതെ മരണശയ്യയിൽ കിടക്കുന്നവരുടെ വീട്ടിൽ ആ കിടപ്പിന് ഒരു തീരുമാനം ഉണ്ടാക്കാൻ വേണ്ടി പോകുന്ന ചക്രപാണിയുടെ കഥയാണ് പാശം. ഒരുപാട് കാലം വയ്യാതെ കിടന്ന് വീട്ടുകാർക്ക് ഒരു "ഭാര"മാകുമ്പോൾ അവർ തന്നെയാണ് ചക്രപാണിയെ ഈ പണി ഏൽപ്പിച്ചു വരുന്നത്. അതുകൊണ്ടുതന്നെ കാലന്റെ ഒരു പ്രതിരൂപമായിട്ടാണ് നാട്ടുകാർ അയാളെ കാണുന്നത്. ഇങ്ങനെ മരണം സംഭവിക്കുന്നതിന് പിന്നിലെ ശാസ്ത്രം ഒന്നും അയാൾക്ക് അറിഞ്ഞുടെങ്കിലും ഒന്ന് രണ്ട് തവണ തന്റെ സാന്നിധ്യം ഫലം കണ്ടപ്പോൾ അയാളും അതിൽ വിശ്വസിച്ചു തുടങ്ങി, വരുമാന മാർഗമാക്കുകയും ചെയ്തു. ആദ്യം പറഞ്ഞതുപോലെ വാളെടുത്തവൻ വാളാൽ എന്ന മട്ടിൽ ശേഷം അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളും, പൂർവ്വസൂരിയിൽ ചക്രപാണി ചെയ്ത കാട്ടിക്കൂട്ടലുകളുമാണ് "പാശം" എന്ന ചെറുനോവൽ.
പുസ്തകത്തിലെ രണ്ടാമത്തെ ചെറു നോവലായ "ബീജബാങ്കിലെ പെൺകുട്ടി"യിലേക്ക് വന്നാൽ ഡൽഹിയിൽ മാനേജ്മെന്റ് ഒന്നാം റാങ്കോടെ പാസായ ഒരു ചെറുപ്പക്കാരന്റെയും അയാളുടെ ബീജം ശേഖരിക്കാൻ വന്ന പെൺകുട്ടിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളെ പറ്റിയാണ് പറയുന്നത്. പ്രസ്തുത പെൺകുട്ടി ഒരു ബീജബാങ്കിലാണ് ജോലിചെയ്യുന്നത്. പ്രശസ്തരായതും ഉയർന്ന ഐക്യു അല്ലെങ്കിൽ നല്ല ആരോഗ്യം ഉള്ളതുമായ വ്യക്തികളുടെ ബീജമാണ് ഇത്തരത്തിൽ ബീജബാങ്കുകൾ വഴി ശേഖരിക്കുകയും വിദേശത്തുൾപ്പെടെയുള്ള സ്ത്രീകൾക്ക് വലിയ തുകയ്ക്ക് കൈമാറുകയും ചെയ്യുന്നത്. എന്നാൽ കഥാനായകനോട് അടുക്കും തോറും ഈ പെൺകുട്ടിക്ക് അയാളോടുള്ള മനോഭാവം മാറുകയും അമേരിക്കയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന നായകനും പെൺകുട്ടിയും തമ്മിലുള്ള ബന്ധം മറ്റൊരു തരത്തിലേക്കു നീങ്ങുകയും ചെയ്യുന്നു. മുന്നോട്ടുപോകുമ്പോൾ അവരുടെ ജീവിതകഥ മറ്റൊരു വിധത്തിൽ മാറിമറിയുന്നു. നായകന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിൽ ഉണ്ടാകുന്ന; പഴയ കാലഘട്ടവുമായി സാമ്യമുള്ള മറ്റൊരു പ്രതിസന്ധിയിൽ ബീജബാങ്കിലെ പെൺകുട്ടിയുമായി ഒരുമിച്ചുണ്ടായിരുന്ന കാലഘട്ടം ഓർക്കുകയാണ് അയാൾ. സാധാരണ ഇത്തരം കഥകൾ പറയുമ്പോൾ ഉള്ളതിൽ നിന്നും വ്യത്യസ്തമായ ഒരു ആംഗിളിലാണ് ഇന്ദുഗോപൻ ഈ നോവലെറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് വായിച്ചു തീർക്കാൻ പറ്റുന്ന ഈ പുസ്തകം തീർച്ചയായും മികച്ച കഥാസന്ദർഭങ്ങൾ ഉൾക്കൊള്ളുന്നവയാണ്.

👌
ReplyDelete