ഒരു ബെന്യാമിൻ
പുസ്തകം വാങ്ങാനും വായിക്കാനും എനിക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല. എന്നിരുന്നാലും ഈ പുസ്തകം വാങ്ങാൻ
അതിന്റെ പുറംചട്ടയും, പേരും കൂടി കാരണമായിട്ടുണ്ട്.
ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ
ബെന്യാമിൻ രചിക്കുന്ന അടുത്ത പുസ്തകം വാങ്ങുമെന്നും
മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്. സാധാരണ പുസ്തകത്തിന്റെ
പ്രസാധകർ ഏതാണെന്ന് ഞാൻ കുറിപ്പുകളിൽ സൂചിപ്പിക്കാറില്ല.
എന്നാൽ പുസ്തക പ്രസാധനത്തെയും, അതിന്റെ വിവിധ ഘട്ടങ്ങളെയും, വിശിഷ്യാ അതിലുൾപ്പെട്ടിരിക്കുന്ന
ബുദ്ധിമുട്ടുകളെയും, ഒരു കാലത്ത് പ്രസാധന
രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച മൾബറി ബുക്സിനെയുമെല്ലാം പറ്റി മനസ്സിലാക്കിത്തന്ന ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ എഴുതുന്ന നിരീക്ഷണത്തിൽ പ്രസാധകരെക്കൂടി ഉൾപ്പെടുത്താതെ പോകാൻ
പറ്റില്ല .
പുസ്തകത്തിലേക്ക് വന്നാൽ കേരളത്തിലെ പ്രധാനപ്പെട്ട പുസ്തക പ്രസാധകരായിരുന്ന മൾബെറി ബുക്സിന്റെ ഉദയവും അതിന്റെ പിന്നിൽ പ്രവർത്തിച്ച
ഷെൽവിയുടെയും ഷെൽവിയുടെ കൂട്ടുകാരിയും
പിന്നീട് ജീവിതസഖിയുമായി തീർന്ന ഡെയ്‌സിയുടെയും ജീവിതമാണ് നോവലിന്റെ ഒരു ശാഖ. അതിനൊപ്പം തന്നെ ഗ്രീസിലെ പ്രഖ്യാത
എഴുത്തുകാരനായിരുന്ന നിക്കോസ്
കസൻദ്സാക്കീസിനെപറ്റിയും ഡെയ്‌സിക്കും ഷെൽവിക്കും സാക്കീസിനോടുണ്ടായിരുന്ന ഉണ്ടായിരുന്ന അഭിനിവേശത്തെ
പറ്റിയും സാക്കീസും ‘സോര്‍ബ ദ് ഗ്രീക്ക്’ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ കൃതികളും, ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ പറ്റിയും സാക്കീസിന്റെ ജീവിതവും ഇവരുടെ ജീവിതവും തമ്മിലുള്ള
അപാരമായ സാമ്യവുമെല്ലാമാണ് നോവലിന്റെ
മറ്റൊരു ശാഖ. ഈ ശാഖകൾ തമ്മിൽ പലപ്പോഴും പിണഞ്ഞിരിക്കുന്നതായും കാണാം.
പ്രധാന കഥാപാത്രങ്ങളായ ഷെൽവിയും ഡെയ്‌സിയും, പുസ്തക പ്രസാധകനും അക്ഷരങ്ങളോട് ഇഷ്ടമുള്ള വായനക്കാരിയും
തമ്മിലുണ്ടാകുന്ന സ്വാഭാവികമായ അടുപ്പം ചുവടുപിടിച്ച്
കോളേജ് കാലഘട്ടത്തില്‍ത്തന്ന പ്രണയത്തിലാകുകയും പിന്നീട് പ്രസാധനത്തിലും വീട്ടുകാരുടെ
എതിര്‍പ്പവഗണിച്ച് ജീവിതത്തിലും ഒരുമിച്ച് മുന്നോട്ടു പോയവരുമാണ്. കാലം മുന്നോട്ട്
പോയപ്പോള്‍ അവര്‍ ഒരു വീട്ടില്‍ത്തന്നെ താമസിച്ചെങ്കിലും മാനസികമായി വിരുദ്ധ ധ്രുവങ്ങളിലാകുകയാണുണ്ടായത്.
പ്രധാനമായും ഷെല്‍വി നയിച്ച അരാജകമായ ജീവിതമാണ് അതിനു കാരണം. പലപ്പോഴായി ഡെയ്സി അതിനെക്കുറിച്ച്
ഓര്‍മപ്പെടുത്തിയെങ്കിലും ഷെല്‍വി എല്ലായ്പ്പോഴും ഒരു അവജ്ഞയോടെ അവയെല്ലാം തള്ളിക്കളയുകയാണുണ്ടായത്.
മള്‍ബെറി ബുക്ക്സ് എന്നത് അവരൊരുമിച്ച് തുടങ്ങിയ സ്വപ്നമാണെങ്കിലും പതിയെ ഡെയ്സി
അതില്‍ നിന്നും പിന്മാറ്റപ്പെട്ടു. നൂതനമായ ആശയങ്ങളോടെ തുടങ്ങിയ ആ പ്രസ്ഥാനം പടിപടിയായി ഇല്ലാതാകുന്നത് വേദനയോടെ പുറത്തുനിന്നും നോക്കിക്കാണാനേ ഡെയ്സിക്ക് സാധിച്ചുള്ളൂ.
മനസുകൊണ്ട് മള്‍ബെറിയിലേക്ക് വീണ്ടും പോകാനാഗ്രഹിച്ചിരുന്നെങ്കിലും ഡെയ്സി അപ്പോഴേക്കും
അക്ഷരങ്ങളുടെ ലോകത്തു നിന്നും പ്രായോഗിക ജീവിതത്തിലേക്ക് കുറെയധികം ദൂരം പോയ്ക്കഴിഞ്ഞിരുന്നു.
ഷെല്‍വിയാകട്ടെ അത് മനസിലാകുന്നതില്‍ പലപ്പോഴും പരാജയപ്പെടുകയും ചെയ്തു. ഷെഹ്നായ്
എന്ന ഒരു വീടും സുലാമിത എന്ന മകളുമാണ് അവരെ പിരിയുന്നതില്‍ നിന്നും പിന്തിരിപ്പിച്ച
ഘടകങ്ങള്‍. കാലം കഴിയുന്തോറും മള്‍ബെറി ബുക്ക്സും ഷെല്‍വിയും വീണ ഗര്‍ത്തങ്ങള്‍ വീണ്ടും
വലുതാകുകയും അതുമൂലം അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന വഴിത്തിരിവുകളുമാണ് പുസ്തകത്തില്‍
പിന്നീട് പറയുന്നത്. ടോക്സിക് എന്നൊക്കെ ഈ കാലഘട്ടത്തില്‍ പറയുന്ന തരം ഭര്‍ത്താവായിരുന്നു
ഷെല്‍വി എങ്കിലും അതില്‍ നിന്ന് മുക്തയാകാന്‍ ഒരു കാലത്തും ഡെയ്സി ശ്രമിച്ചിരുന്നില്ല, ആഗ്രഹിച്ചിരുന്നില്ല.
കസന്‍ദ്സാക്കീസ് എന്ന ഒരു പേരില്ലെങ്കില്‍ ഒരിക്കലും സംഭവിക്കാത്ത
ജീവിതമാണ് ഷെല്‍വിയുടെയും ഡെയ്സിയുടെയും. അവരുടെ, പ്രത്യേകിച്ച് ഡെയ്സിയുടെ ജീവിതത്തിന്റെ
എല്ലാ ഘട്ടങ്ങളിലും സാക്കീസിന്റെ ജീവിതവുമായി അപാരമായ സാമ്യം ഉണ്ടായിരുന്നു. സാകീസിനോടുള്ള
ഇഷ്ടമൊന്നുകൊണ്ടുമാത്രമാണ് അക്ഷരങ്ങളുടെ ലോകത്തു നിന്നും വര്‍ഷങ്ങളോളം അകന്നു നിന്നിട്ടും
എലിനി സാക്കീസിന്റെ ഒരു കൃതി വിവര്‍ത്തനം ചെയ്യാനുള്ള ക്ഷണം ലഭിച്ചപ്പോള്‍ ആദ്യം നിരസിച്ചെങ്കിലും
അവള്‍ ആ ദൗത്യം ഏറ്റെടുത്തത്. ആ ഇഷ്ടം തന്നെയാണ് കോഴിക്കോട് നഗരത്തില്‍ പോലും
ഒറ്റക്ക് സഞ്ചരിക്കാത്ത അവള്‍ക്ക് സാകീസിന്റെ നഗരമായ ഗ്രീസിലേക്ക് ഒറ്റക്കു പോകാന്‍
പ്രചോദനമായതും.
നോവലില്‍ മള്‍ബെറി ബുക്ക്സിനെ കൂടാതെ ഡി.സി, കറന്റ്, ബോധി,
പെന്‍ഗ്വിന്‍, ശിഖ തുടങ്ങി കേരളത്തിലെ പ്രസാധന ലോകത്തെ പ്രധാനപ്പെട്ടവരെയെല്ലാം
പ്രതിപാദിക്കുന്നുണ്ട്. കൂടാതെ അക്കാലയളവിലെ പ്രധാന എഴുത്തുകാരെപ്പറ്റിയും അവരുടെ
കൃതികളെപ്പറ്റിയും പറഞ്ഞുപോകുന്നുണ്ട്. പ്രധാന കഥാപാത്രങ്ങളെ കൂടാതെ വിഷ്ണു,
സ്നേഹ, ജോര്‍ജിയോയും കൂട്ടുകാരും, ടീച്ചര്‍ അങ്ങനെ മനസില്‍ തങ്ങി നില്‍ക്കുന്ന
കഥാപാത്രങ്ങള്‍ ഏറെയാണ്. അതിനൊപ്പം തന്നെ ഡെയ്സിയുടെ മള്‍ബറിച്ചെടിയെയും പ്രിയപ്പെട്ട പിങ്കി എന്ന
തത്തയെയും കുറിച്ചു പറയാതെ ഒരിക്കലും ഈ പുസ്തകത്തെക്കുറിച്ചു പൂര്‍ണമായും സംസാരിക്കാനാവില്ല.
അത്രത്തോളം അവ വായനക്കാരെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.
ബെന്യാമിന്റെ നോവലുകളിലെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ആഖ്യാതാവും ആഖ്യാന ശൈലിയും ആണ്.
വായനക്കാർ തന്നെ ആഖ്യാതാവ് ആവുകയോ അല്ലെങ്കിൽ
ആഖ്യാതാവിനൊപ്പം സഞ്ചരിക്കുകയോ ചെയ്യുന്ന രീതി. ഈ
പുസ്തകത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒന്നിലധികമുള്ള അഖ്യാതാക്കൾ നമ്മെ വളരെയധികം സ്വാധീനിക്കുകയും ചിലപ്പോള്‍ വായനക്കാരന്‍
തന്നെ അവരോട് സംവദിക്കുകയും ചെയ്യുന്നു.

വളരെ നന്നായിട്ടുണ്ട്.
ReplyDeleteCan see professionalism in this review. 👏
✨
Delete