പുരാണ കഥകളുടെ
പലതരത്തിലുള്ള ആഖ്യാനങ്ങൾ അടങ്ങുന്ന പുസ്തകങ്ങളോട് പണ്ടേ ഒരു ആസക്തിയുള്ള
വായനക്കാരനാണ് ഞാൻ. പ്രിയപ്പെട്ട എംടി യുടെ രണ്ടാമൂഴം, ആനന്ദ് നീലകണ്ഠൻ്റെ വാനരൻ,
അമിഷിന്റെ
ശിവത്രയം, രാമചന്ദ്ര പരമ്പര, പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്നിവയൊക്കെ വളരെ
മികച്ച വായനാനുഭവം തന്നവയാണ്. അതിനൊപ്പം തന്നെ ചേർത്ത് നിർത്താവുന്ന മറ്റൊരു
പുസ്തകമാണ് ആർ രാജശ്രീയുടെ ആത്രേയകം. പാഞ്ചാല രാജാവിന്റെ മൂത്ത സന്തതിയായ നിരമിത്ര
കുമാരന്റെ അഥവാ നിരമിത്ര കുമാരി എന്ന അനാഥ യുവത്വത്തിന്റെ കണ്ണിൽ കൂടി കണ്ട
മഹാഭാരത കഥയുടെ മികച്ചൊരു ആഖ്യാനമാണ് ആത്രേയകം.
ഇതിഹാസങ്ങളിലൊരിടത്തും കേട്ടിട്ടില്ലാത്ത, നാഗരികതയ്ക്ക് അപരിചിതമായ, പാഞ്ചാലം, ഹസ്തിനപുരം, മദ്രം, ദശാർണ്ണം എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശം പങ്കിടുന്ന, രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന എന്നും ഔഷധഗന്ധം കുമിയുന്ന ആത്രേയകവും അവിടേക്ക് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രകുമാരനുമാണ് പുസ്തകത്തിൽ ആഖ്യാതാവിന്റെ വാസസ്ഥലവും മനസുമായി നിലകൊള്ളുന്നത്. രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ദശാർണരാജകുമാരിയുമായി നടത്തുന്ന നിരമിത്രന്റെ വിവാഹത്തിലും ആ സമയത്തുണ്ടാകുന്ന പ്രശ്നങ്ങളിലുമാണ് പുസ്തകം തുടങ്ങുന്നത്. പിന്നീടുണ്ടായ സംഭവപരമ്പരകൾക്കുശേഷം ദശാർണ രാജകുമാരി പിണങ്ങിപ്പോകുകയും പാഞ്ചാലരാജാവിന് നാണക്കേടുണ്ടാകുകയും ചെയ്തശേഷം എങ്ങിനെയോ നിരമിത്ര കുമാരൻ ആത്രേയകത്തിലെത്തിയപ്പോൾ വായനക്കാരനും അവിടെ ഒരു കുടിൽ കെട്ടി താമസിക്കാനെത്തുന്നു. കുമാരന് ജീവിതത്തിലൊരിടത്തും ലഭിക്കാത്ത അഭയവും സമാധാനവും അവിടെനിന്നു ലഭിക്കുന്നു. പാഞ്ചാലത്തിന്റെ യുവരാജാവായി ധൃഷ്ടദ്യുമ്നനും ഒപ്പം അമ്മയായ ഹരിണിയും മകൾ കൃഷ്ണയുമെത്തുന്നതോടെ ആ രാജ്യത്തിന്റെ മാത്രമല്ല മൊത്തം ഭാരതത്തിന്റെ തന്നെ ഗതിയാണ് മാറുന്നത്. ധൃഷ്ടൻ പെങ്ങളായ കൃഷ്ണ അഥവാ പാഞ്ചാലിയ്ക്ക് വരനായി പാഞ്ചാലരാജാവിനെ മുൻപ് ഒറ്റയ്ക്ക് പരാജിതനാക്കിയ അർജുനനെ കണ്ടെത്തുന്നു. അതിനുശേഷം ഉണ്ടായ പാണ്ഡവ കൗരവ യുദ്ധത്തിൽ പാഞ്ചാലരാജ്യത്തിനും നിരമിത്രനും പാണ്ഡവപക്ഷം പിടിക്കേണ്ടിവരുന്നു. എന്നാൽ ആ യുദ്ധത്തിൽ എല്ലാ നീതികളും തച്ചുടയ്ക്കുന്നത് കണ്ടുനിൽക്കാനേ നിരമിത്രനു സാധിച്ചുള്ളൂ. ചില ചതികളിൽ മനപൂർവമല്ലെങ്കിലും കാരണക്കാരനുമാകുകയും ചെയ്തു. കാലാകാലങ്ങളായി പാണ്ഡവപക്ഷത്തുനിന്നുമാത്രം കണ്ട യുദ്ധത്തിനു ഇങ്ങനൊരു നിറം കൊടുത്തത് എഴുത്തുകാരിയുടെ കഴിവിനെ എടുത്തുകാട്ടുന്നതാണ്. കൃഷ്ണനും കുന്തിയും മുതൽ അർജുനനും ധൃഷ്ടനും വരെ തങ്ങളുടെ ലക്ഷ്യത്തിലെത്താനായി സർവ നീതിയും ഖണ്ഡിച്ചാണ് പ്രവർത്തിച്ചത് എന്നാണ് നിരമിത്രന്റെ ഭാഗത്തുനിന്നും ചിന്തിക്കുമ്പോൾ നമുക്കു തോന്നുന്നത്.
നോവലിലെ മറ്റൊരു പ്രത്യേകത
ഏതാണ്ടെല്ലാ കഥാപാത്രങ്ങളുടെയും കാഴ്ചപ്പാടിനും പ്രാധാന്യം നൽകുന്നുണ്ടെന്നുള്ളതാണ്.
ആത്രേയകത്തിലെ ചൂഡകൻ, ഇള, ബലൻ, ഗദൻ, പാഞ്ചാലത്തിലെ ദ്രുപദൻ, റാണി, ഹരിണി, കൃഷ്ണ,
ധൃഷ്ടൻ, ദശാർണരാജാവ്, രാജകുമാരി, വിശാഖ, എന്നിവരെക്കൂടാത ഉലൂപി, ഹിഡിംബി, ഘടോൽക്കചൻ,
ഇരാവാൻ അശ്വസേനൻ എന്നിവരുടെയെല്ലാം കാഴ്ചപ്പാടുകൾ വായനക്കാരനിലേക്കെത്തിക്കുവാൻ എഴുത്തുകാരി ശ്രദ്ധിച്ചിട്ടുണ്ട്.
കൂടാതെ നോവലിൽ
ഉപയോഗിച്ചിരിക്കുന്ന ഭാഷ എടുത്തുപറയേണ്ട ഒന്നാണ്. ചില വാക്യങ്ങളുടെ ഘടന വായനക്കാരുടെ
കണ്ണു നനയിക്കുന്നതും മറ്റു ചിലവ അത്ഭുതം ഉളവാക്കുന്നവയുമാണ്.
ഏറ്റവും ഇഷ്ടപ്പെട്ട വാചകങ്ങളിൽ ചിലത് -
“തൈലം വീണു കാഴ്ച മൂടിയ രോഗിയോട് നിലാവിന്റെ ഭംഗിയെപ്പറ്റി പറയാൻ പോയ മൂഢനാണ് ഞാൻ.”
“നിരമിത്രൻ നിറമിഴികളോടെ കൈകൾ കൂപ്പി തിരിഞ്ഞു നോക്കാതെ നടന്നു. പിന്നിൽ
ശിഥിലവും ക്ഷീണിതവുമായ ആത്രേയകം പതിയെ കണ്ണുകൾ തുറന്നടച്ചു .”
“ഏതെങ്കിലും ഒരു തിരയ്ക്ക് വിഡ്ഢിയും നിസ്സാരനുമായ നിരമിത്രനോട് അലിവ്
തോന്നട്ടെ എന്ന് കരുതി അയാൾ തിരമാലകളുടെ മരച്ചുവടികളിലേക്ക് കൂടുതൽ കൂടുതൽ
കയറിനിന്നു .”
“ഭൂമി പിളരാൻ സമ്മതിച്ച് നിന്ദയോടെ ചുണ്ടുകോട്ടി നിരമിത്രനെ നിർദ്ദയം
വെളിപ്പെടുത്തി “
രാജാക്കന്മാരുടെ കഥകളും
യുദ്ധവിജയങ്ങളും കഥാകാലക്ഷേപസംഘങ്ങളാൽ
പലമടങ്ങ് ഘോഷിച്ചിട്ടുള്ളവയാണ്. ആത്രേയകവും അങ്ങനെയൊരു
സംഘത്തിന്റെ ഭാഷ്യമാണ്. എന്നാൽ പ്രധാന ഫലത്തെ, ജയത്തെ അപ്രധാനമാക്കിയതുമൂലം
മറ്റുസംഘങ്ങളുടെ കഥകളാണ് കൂടുതൽ പ്രചരിച്ചത്, ഔദ്യോഗികമെന്ന രീതിയിൽ എല്ലാവരും
വായിച്ചത്.

Comments
Post a Comment