പുസ്തകത്തിന്റെ തലക്കെട്ടുപോലെത്തന്നെ 100% മുതലയാണ് ഈ പുസ്തകത്തിൽ. ഇതിലെ കഥാപാത്രങ്ങളുടെ ജീവിതഗതി തീരുമാനിക്കുന്ന
ഇടങ്ങളിലെല്ലാം മുതല ഉണ്ടാകും അല്ലെങ്കിൽ മുതലകളെപ്പോലെ പ്രവർത്തിക്കുന്ന, മുതലകളെപ്പോലെ ചിന്തിക്കുന്ന അല്ലെങ്കിൽ
മുതലകളുമായി സാമ്യം തോന്നുന്ന എന്തെങ്കിലും ആ പരിസരത്തുനിന്ന് വായനക്കാർക്ക് ലഭിക്കും .
ആ നാട്ടിലെ പ്രധാന കഥാപാത്രമായ കൃഷ്ണൻകുട്ടിപ്പിള്ളയ്ക്ക് മുതലക്കടിയേൽക്കുകയും, തൽഫലമായി അയാളുടെ കൈ
മുറിഞ്ഞു പോകുകയും, അപ്രതീക്ഷിതമായി അയാളതിനെ സംസ്കരിക്കാൻ തുനിയുകയും ചെയ്യുന്ന സന്ദർഭത്തിലാണ് പ്രധാന
കഥാപാത്രമായ രഘുവരൻ മുതല ഫാമിലേക്ക് എത്തുന്നത്. തുടക്കത്തിൽത്തന്നെ അവർ തമ്മിലെന്തോ
ഒരു ബന്ധമുണ്ടെന്നും എന്നാലത് നല്ല രീതിയിലുള്ള ഒരു ബന്ധമല്ലെന്നും വായനക്കാർക്ക്
മനസ്സിലാകുന്നു. പുസ്തകം മുമ്പോട്ട് പോകുമ്പോൾ നാം പരിചയപ്പെടുന്ന കഥാനായകൻ
ഉൾപ്പെടെയുള്ള കഥാപാത്രങ്ങളെല്ലാം വിചിത്രമായ സ്വഭാവസവിശേഷതകൾ
ഉൾക്കൊള്ളുന്നവരാണെന്ന് മനസിലാകുന്നു.
നല്ലൊരു ഫുട്ബോൾ പ്ലെയറായിട്ടും നാട്ടിൽ നിന്ന് ഒന്നിലധികം
ദിവസം മാറിനിൽക്കുമ്പോൾ നാട്ടിലേക്ക് തിരിച്ചു വിളിക്കുമെന്ന് പറഞ്ഞു ആ
പ്രേമത്തിനെ ചങ്ങലക്കിട്ട ശങ്കർദാസ്, പട്ടാളത്തിൽ പോയിട്ട് ഒരു ആക്സിഡന്റ് കാരണം ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട്
നാട്ടിൽ വന്ന് കാമുകി ഉൾപ്പെടെയുള്ള തന്റെ സർവ്വവും നഷ്ടപ്പെട്ട അജീർ, അന്ധയായിട്ടും കണ്ണുള്ളവരെക്കാൾ കൂടുതൽ കാഴ്ചകൾ
കാണുന്ന അമ്മച്ചിയമ്മ, കാരണവർ
സ്വത്തുക്കൾ എഴുതി വച്ചിട്ടുണ്ട് എന്ന് പറഞ്ഞു അവിടത്തെ ഒരു തറവാട്ടിൽ ഏതെങ്കിലും
ഒരു വൃക്ഷത്തിൽ കായ്കൾ ഉണ്ടാകുമ്പോൾ മുതൽ അതിന് കാവലിരിക്കുന്ന
മനോഹരൻ പിള്ളയും പ്രഭാകരൻപിള്ളയും, മുതലയുടെ ലിംഗം
മുതൽ എടുത്ത് ആരാധിക്കുന്ന, മുതലക്കടിയേൽക്കാതിരിക്കാൻ
മുതലയമ്പലം പണിഞ്ഞ അമ്പുക്കാണി അങ്ങനെ നീളുന്നു ഇതിലെ വിചിത്ര സ്വഭാവമുള്ള കൂടാതെ
മുതലകളോട് പല രീതിയിൽ സാമ്യമുള്ള ആ
നാട്ടിലെ മനുഷ്യർ.
കഥ മുന്നോട്ടു പോകുന്തോറും കൃഷ്ണൻകുട്ടിപ്പിള്ളയുമായി രഘുവിനുള്ള
ബന്ധവും, അയാളവിടെ ഒരു നിയോഗം
എന്നോണം എത്തിപ്പെട്ടതാണ് എന്നും വായനക്കാർക്ക് വെളിവാകുന്നു. മുതലകളുടെ സെൻസസ്
എടുക്കാൻ വന്ന, അവയുടെ കടിയിൽ
നിന്ന് നാട്ടുകാരെ രക്ഷിക്കാൻ വന്ന രഘുവിന് ലോകത്തെല്ലായിടത്തും അത്
സാധിച്ചെങ്കിലും ഈ നാട്ടിൽ അതിനു സാധിക്കുന്നില്ല. അതിന് നടത്തുന്ന ശ്രമങ്ങൾ
പലതരത്തിൽ പൊളിയുന്നു.
ഇതിനിടയിൽ രഘുവിന്റെ പഠനകാലയളവിൽ അയാൾക്ക് ഉണ്ടായ
പ്രശ്നങ്ങളും, കൃഷ്ണൻകുട്ടിപ്പിള്ളയുടെ
ഭൂതകാലവും, കൂടെ പ്രവർത്തിക്കുന്ന
കൃഷ്ണ എന്ന പെൺകുട്ടിയുടെ പഴയ കഥകളുമെല്ലാം പറഞ്ഞുപോകുന്നുണ്ട്.
പിന്നീടുണ്ടാകുന്ന ശക്തമായ മഴയത്ത് ആ നാട്ടിലെ തകരാറായ തറവാടായ തീർത്ഥങ്കര തറവാടിന്റെ ഓരോ ഭാഗങ്ങളായി ഇടിഞ്ഞു തുടങ്ങുമ്പോൾ അവിടുത്തെ
അന്തേവാസിയും രഘുവരന്റെ ബന്ധുവുമായ അന്ധയായ അമ്മച്ചിയമ്മയ്ക്കുണ്ടായ വെളിപാട്
ആധാരമാക്കി ആ തറവാടിന്റെ
അസ്ഥിവാരത്തിനടിയിലുള്ള പത്തായത്തിലിരിക്കുന്ന നിധി എടുക്കാൻ ഇറങ്ങുന്ന രഘുവിനും കൂട്ടർക്കും ഉണ്ടാകുന്ന
സംഭവ വികാസങ്ങളും മറ്റുമായി പല ദിശകളിലേക്കായാണ്
പിന്നീട് കഥ പോകുന്നത്. ആ നാട്ടിലെ മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതിൽ നോവലിസ്റ്റ് വളരെ നന്നായി വിജയിച്ചു
എന്നുവേണം കരുതാൻ. ചുരുക്കത്തിൽ വളരെ മികച്ച ഒരു വായനാനുഭവമാണ് ഇന്ദുഗോപൻ
നമുക്കായി ഒരുക്കി തന്നിരിക്കുന്നത്. ഞാൻ ഇതുവരെ വായിക്കാത്ത തരത്തിലുള്ള ആഖ്യാന
ശൈലിയാണ് ഈ പുസ്തകത്തിൽ ഉള്ളത്.
നോവലിസ്റ്റ് ഓരോ കഥാപാത്രത്തെയും, കഥപരിസരത്തെയും
വർണിക്കുമ്പോഴും കഥാപാത്രങ്ങളുടെ രൂപവും, വേഷവിധാനങ്ങളും കൂടാതെ കഥാ പരിസരങ്ങളുടെ മുക്കും മൂലയും ഒരു സിനിമയിൽ എന്ന
പോലെ നമ്മുടെ മനസ്സിൽ കാണാൻ സാധിക്കും. നാം സാധാരണ കാണുന്നതിന്റെ ഇരട്ടി വലിപ്പത്തിലുള്ള മുതലകൾ, മുതലമൂർത്തി, കണ്ണില്ലാഞ്ഞിട്ടും
കണ്ണുള്ളവരേക്കാൾ വ്യക്തമായി കാഴ്ചകൾ കാണുന്ന അമ്മച്ചിയമ്മ തലമുറകളായി പക
കൈമാറി വരുന്ന പട്ടിയുടെ സന്തതി പരമ്പരകൾ അങ്ങനെ ഒട്ടനേകം
കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതത്തിൽ നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്തതാണ്. കുട്ടിക്കാലത്ത് വായിച്ച അമർചിത്രകഥകളൊക്കെ വായിക്കുന്ന തരത്തിലുള്ള കഥ പറഞ്ഞു പോക്ക് ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ പുസ്തകം
വായിക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.

Comments
Post a Comment