Skip to main content

കുഞ്ഞേടത്തി

 



"എങ്ങനെയുണ്ട് ഇപ്പോൾ രണ്ടുപേരും സുഖമായിരിക്കുന്നോ?" ഓപ്പോളുടെ അമ്മയാണ് ചോദിച്ചത്. 

" ആ കുഴപ്പമൊന്നുമില്ല ഏടത്തി... "

"പാലൊക്കെ നന്നായി കുടിക്കുന്നുണ്ടല്ലോ അല്ലേ... " 

" ആദ്യം ഇവൾക്ക് ഒരു മടിയൊക്കെ ഉണ്ടായിരുന്നു, ഇപ്പോൾ അതൊക്കെ മാറി... "

ഉണ്ണിയുടെ അമ്മ തൊട്ടടുത്ത് കിടക്കുന്ന അവന്റെ കുഞ്ഞനിയത്തിയുടെ തലയും തടവികൊണ്ട് പറഞ്ഞു. 

" നിനക്ക് ശുശ്രൂഷയ്ക്കുള്ള സാധനങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ട്..."

 ഉണ്ണിയുടെ അമ്മ പുഞ്ചിരിച്ചു. ഉണ്ണിയുടെ അച്ഛൻ ശുശ്രൂഷയ്ക്കായി കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എടുത്തു വച്ചു

"മോളെവിടെ ഏടത്തീ "

" വേറെ എവിടെ പോകാൻ? ഉണ്ണിയെ ഉണർത്താൻ പോയിട്ടുണ്ട്..."

 

 

"കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിക്കെന്നെന്നും ഏറെ ഇഷ്ടം..."

" അല്ല എനിക്കിഷ്ടം അമ്മായിയെയാ..."

" നിനക്കപ്പോ ഇപ്പോളും എന്നെ ഇഷ്ടല്ല അല്ലേടാ... "

ഉണ്ണിക്ക് അപ്പോഴാണ് സ്വബോധം വന്നത്. എണീറ്റപ്പോൾ മുന്നിൽ ഓപ്പോൾ.!!!

ഓപ്പോളേ എന്ന് വിളിച്ച് ചാടി എണീറ്റ ഉണ്ണി ഓടിച്ചെന്ന് ഓപ്പോളെ കെട്ടിപ്പിടിക്കുമ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതു കണ്ടപ്പോ  ഓപ്പോളും കരഞ്ഞു.

" എന്തിനാ ഓപ്പോളെ ഇവിടുന്ന് പോയേ?? എനിക്ക് അടികൂടാൻ ഇനി ആരാ ഉള്ളേ??"

"ഞാനിവിടെ അടുത്ത് തന്നെയില്ലേടാ"

ഉണ്ണിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നുണ്ടായിരുന്നില്ല.

"ബാ നമുക്ക് റബർ ബാൻഡ് പെറുക്കാൻ പോവാം... ഇന്ന് ആരാ കൂടുതൽ പെറുക്കുന്നേ എന്ന് നോക്കാലോ..."

"ഇന്ന് ഞാൻ തന്നെ ജയിക്കും നോക്കിക്കോ..." 

അവന്റെ കരച്ചിൽ ഒന്ന് കുറഞ്ഞ് അത് ആവേശത്തിലേക്ക് വഴിമാറി.

"കണ്ടോ ചെക്കന്റെ ആവേശം... നിനക്കെന്നോട് എന്തേലും സ്നേഹമുണ്ടോടാ അടികൂടാൻ വേണ്ടി മാത്രല്ലേ നീ എന്റടുത്തു വരണേ??? "

അത് കേട്ടതും ഉണ്ണിയുടെ ആവേശം മാറി അവൻ വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി.

"അയ്യേ ഉണ്ണീ നീ എന്താ ഇങ്ങനെ... വല്യ കുട്ടിയല്ലേ നീ ഇപ്പോ... ഇങ്ങനെ കരയാൻ പാടുണ്ടോ?"

"ഓപ്പോൾ ഇനി എങ്ങോട്ടും പോണ്ട. എന്റെ കൂടെ ഇവിടെ നിന്നാ മതി..."

ഓപ്പോൾ ഉണ്ണിയെ തുരുതുരാ ഉമ്മ വച്ചു. എന്നിട്ട് കെട്ടിപ്പിടിച്ച് എത്ര നേരമാ നിന്നേ എന്നറിയില്ല.

അത് കണ്ടുനിന്ന ഉണ്ണിയുടെയും ഓപ്പോളുടെയും അമ്മമാരും അവരുടെ കണ്ണുകൾ തുടച്ചു...  അവരുടെ സ്നേഹത്തിന്റെ ആഴം അമ്മമാർക്ക് ശരിക്കും മനസിലായത് അപ്പോഴായിരുന്നു. കാരണം മുമ്പ് അത്രമാത്രം വഴക്കായിരുന്നല്ലോ അവർ തമ്മിൽ...

അമ്മമാർ അവർ ഒരുമിച്ച് താമസിച്ചപ്പോഴത്തെ ഓർമ്മകൾ അയവിറക്കാൻ തുടങ്ങി. 

         എന്നും രാവിലെ അമ്പലത്തിൽ ഉണ്ണിയും ഓപ്പോളും ഒരുമിച്ച് പോവും.  തൊഴാനല്ല; റബർ ബാൻഡ് പെറുക്കാൻ...!!! അമ്പലത്തിലെ കൽവിളക്കുകളിൽ  ഇടുന്ന തിരികളുടെ രണ്ടറ്റത്തും ഓരോ കുഞ്ഞു റബർ ബാൻഡ് ചുറ്റിയിരിക്കും. വിളക്കിൽ തിരിയിടുന്ന സമയം അമ്പലത്തിലെ കഴകക്കാർ അത് ചുറ്റുവിളക്കിന് താഴെ കളയും. അതെടുക്കാനാണ് ഇവർ പോകുന്നത്.  അതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല... എങ്ങനെയാണ്  ഈ ശീലം അവരിലേക്ക് എത്തിയതെന്നും അറിയില്ല...  എന്തായാലും അത് പെറുക്കാൻ മഠത്തിൽ നിന്ന്  മത്സരിച്ച് ഓടിയാണ് അവർ പോകുന്നത്. വാരിക്കൂട്ടിയതെല്ലാം സൂക്ഷിച്ചുവച്ച് ഓരോ മാസവും അവർ എണ്ണി തിട്ടപ്പെടുത്തും. മിക്കവാറും ഓപ്പോളാകും കൂടുതൽ പെറുക്കിയിട്ടുണ്ടാവുക. അതും പറഞ്ഞു ഓപ്പോളും ഉണ്ണിയും തമ്മിൽ വഴക്കുണ്ടാക്കി അവസാനമാകുമ്പോഴേക്കും ഉണ്ണി കരഞ്ഞിട്ടുണ്ടാവും. അവനു പിന്നെ ചെറിയ കാര്യം മതി കണ്ണ് നിറയാൻ. 

    എന്നും ഓപ്പോൾ സ്കൂളിൽ പോയതിന് ശേഷം ഉണ്ണി കാത്തിരിക്കും. ഓപ്പോൾ വരുന്നതും കാത്ത്... ഓപ്പോൾ വന്ന് വേഷം പോലും മാറുന്നതിനു മുന്നേ തുടങ്ങും എന്തെങ്കിലും കാര്യത്തിന് അടിയുണ്ടാക്കൽ. 

    വെള്ളം കുടിക്കുമ്പോൾ ശബ്ദം ഉണ്ടാക്കി കുടിക്കുന്നതിന് ഓപ്പോൾ ഉണ്ണിയെ വഴക്കു പറയും. അത് കേൾക്കുന്ന ഉണ്ണി അതിനേക്കാൾ ശബ്ദത്തിൽ വീണ്ടും കുടിക്കും. അതിന് വീണ്ടും തമ്മിൽതല്ല് ...

    രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മെത്തയുടെ അതിർത്തി തീരുമാനിക്കും. എന്നിട്ട് അങ്ങോടും ഇങ്ങോട്ടും അത് ലംഘിക്കും.  അതിനും തമ്മിൽതല്ല്. 

  അമ്മാവന്റെ വീട്ടിലേക്ക് വയലിന്റെ വരമ്പത്തൂടെ പോകുമ്പോൾ മുന്നേ പോകുന്ന ആളിനേക്കാൾ പുറകെ പോകുന്നയാൾ വേഗത്തിൽ നടന്ന് "കൂട്ടിമുട്ടണ്ടെങ്കില്‍ വേഗത്തിൽ പോകണം" എന്നും പറഞ്ഞു തമ്മിൽതല്ല്.

 

അതായത് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മിക്ക സമയവും തമ്മിൽതല്ലിയായിരുന്നു ഓപ്പോളും ഉണ്ണിയും പരസ്പരം സ്നേഹിച്ചിരുന്നത്. 

 ഇങ്ങനെ അടികൂടി ഇരിക്കുമ്പോൾ ഉണ്ണിയെ ദേഷ്യം പിടിപ്പിക്കാനായി ഓപ്പോൾ ഇങ്ങനെ പാടും.

 "കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിക്കെന്നെന്നും ഏറെ ഇഷ്ടം..."

 ഇതു കേൾക്കുന്ന ഉണ്ണി ഉടനെ പറയും "അല്ലല്ല എനിക്കിഷ്ടം അമ്മായിയെ ആണ്..." 

 

    എന്നാൽ ഒരാൾക്ക് മറ്റൊരാൾ ഇല്ലാതെ  ഒരു സമയവും ഇരിക്കാൻ പറ്റില്ലായിരുന്നു. ഓപ്പോൾ സ്കൂളിൽ പോകുമ്പോൾ ഉണ്ണിയുടെ മനസ്സിന്റെ ബൾബിലെ പ്രകാശം കെട്ടുപോകുന്നതുപോലെയായിരുന്നു. അവനെ എഴുതാൻ പഠിപ്പിച്ചതും, ചോറ് വാരി കൊടുക്കുന്നതും എല്ലാം അവന്റെ ഓപ്പോളായിരുന്നു. 

    ഒരു ദിവസം പുലർച്ചെ ഉറക്കത്തിൽ  അവന്റെ മനസിലേക്ക് വെളിച്ചത്തെ കയറാൻ സമ്മതിക്കാതെ, ഓപ്പോളുടെ അമ്മയും ഉണ്ണിയുടെ അമ്മയും തമ്മിൽ സംസാരിക്കുന്നത് ഉണ്ണി അവ്യക്തമായി കേട്ടു; ഓപ്പോളും കുടുംബവും പ്രായമേറി വരുന്ന അവരുടെ മുത്തച്ഛനെയും മുത്തശ്ശിയെയും നോക്കുവാനായി  ഓപ്പോളുടെ അമ്മയുടെ വീട്ടിലേക്ക് താമസം മാറാൻ പോകുകയാണെന്ന്... അവനത് സ്വപ്നമാവണേ എന്ന് കരുതി കണ്ണുകൾ ഇറക്കിയിടച്ച് പുതപ്പ് തലവഴി മൂടി വീണ്ടും കിടന്നു. പക്ഷേ അവന് ഉറങ്ങാൻ കഴിഞ്ഞില്ല. കാരണം അവന് ഒരിക്കലും  ഉൾക്കൊള്ളാൻ പറ്റാത്ത കാര്യമായിരുന്നു ഓപ്പോളുമായി പിരിയുക എന്നത്. അതും ഒന്നും രണ്ടും ദിവസത്തേക്ക് അല്ല  ഇനിയങ്ങോട്ട് എന്നും... ആലോചിച്ചാലോചിച്ച് എപ്പോഴോ അവൻ വീണ്ടും ഉറങ്ങി. എണീറ്റപ്പോഴേക്കും ഓപ്പോൾ സ്കൂളിലേക്കും ഓപ്പോളുടെ അമ്മ തന്റെ തയ്യൽ ജോലിയിലേക്കും പോയിരുന്നു. താൻ കേട്ടത് സത്യമാണോ എന്നറിയാൻ ഉണ്ണി അവന്റെ അമ്മയോട് കാര്യം ചോദിച്ചു. പണ്ട് തൊട്ടേ അവനെ എന്നും പറഞ്ഞ് "കൺവിൻസ്" ചെയ്യിക്കാൻ മിടുക്കിയായ അവന്റെ അമ്മ കാര്യങ്ങൾ വിശദമായി പറഞ്ഞ് അവനെ മനസ്സിലാക്കി. അങ്ങനെ എല്ലാം മനസ്സിലായ അവന് പോകണ്ട എന്നോ പോകണമെന്നോ പറയാൻ പറ്റാത്ത അവസ്ഥയിലായി. രണ്ടാഴ്ചയ്ക്കകം അവന്റെ ഓപ്പോളും കുടുംബവും ദൂരെയുള്ള അവരുടെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുക്കലേക്ക് പോയി.

പോകുന്നതിന് മുൻപായി ഓപ്പോൾ അമ്പലത്തിൽ നിന്നും കിട്ടിയ റബർ ബാൻഡ് മുഴുവനും ഉണ്ണിക്ക് കൊടുത്തിട്ടു പറഞ്ഞു. ഒരുപാടായല്ലോടാ... സന്തോഷായില്ലേ... കരച്ചിലടക്കാൻ പറ്റാതെ അവൻ മുറിയിൽ കയറി കതകടച്ചു. ജനിച്ച ശേഷം ആദ്യമായി ഓപ്പോളും അവനും ഒരു വലിയ കാലയളവിലേക്ക് രണ്ടിടങ്ങളിലായി മാറ്റപ്പെട്ടു

     അതോടെ അവന്റെ ചുറുചുറുക്ക് മൊത്തം പോയി. ഏത് സമയവും സ്കൂളിൽ നിന്ന് വരുന്ന ഓപ്പോളേ കാത്തിരുന്ന പോലെ അവൻ ദൂരേക്ക് നോക്കിയിരിപ്പായി. 

 

 അങ്ങനെയിരിക്കെ ഒരു ദിവസം ഓപ്പോൾ ഇപ്പൊ താമസിക്കുന്ന വീട്ടിലേക്ക് ഒരു ഫോൺകോൾ വന്നു. ഉണ്ണിയുടെ അമ്മ ഗർഭിണിയാണ്... എല്ലാവർക്കും വളരെ സന്തോഷമായി. പത്തുമാസം കഴിഞ്ഞ് അവനു കുഞ്ഞനിയത്തി ഉണ്ടായപ്പോൾ ഓപ്പോളും അമ്മയും അച്ഛനും കുഞ്ഞിനെ കാണാൻ ഉണ്ണിയുടെ വീട്ടിലേക്ക് വന്നു.

 

 കെട്ടിപ്പിടിച്ചിരിക്കുന്ന ഓപ്പോളുടെ കൈവിടുവിച്ച് അവൻ ഓടിച്ചെന്ന് കുഞ്ഞനിയത്തിയെ വാരിയെടുത്തു. 

 "കണ്ടോ ഓപ്പോളെ എന്റെ അമ്മിണിയെ??"

ഓപ്പോൾ പുഞ്ചിരിച്ചു 

" ഞാനിവളെ വളർത്തും. എന്റെ ഓപ്പോൾ എന്നെ വളർത്തിയത് പോലെ..."

 

 ചിരിക്കുന്നതിനൊപ്പം എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഉണ്ണിയുടെ അമ്മ അച്ഛനെ നോക്കി വലത്തേ കണ്ണടച്ച് ഒരു സൈറ്റടിച്ചു...

 അച്ഛൻ തിരിച്ചും....

 


Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...