Skip to main content

വായനക്കാരന്റെ നിരീക്ഷണം: പൊനം - കെ എൻ പ്രശാന്ത്

 



 വായന ശീലമാക്കിയ വളരെയധികം സുഹൃത്തുക്കളുടെ ലിസ്റ്റിൽ കണ്ട പുസ്തകമായതുകൊണ്ടും, അതിന്റെ കവർ ഡിസൈൻ വളരെ ആകർഷിച്ചതു കൊണ്ടും  വായിച്ച പുസ്തകമാണ് കെ എൻ പ്രശാന്ത് എഴുതിയ "പൊനം"


   പൊനം എന്താണ് എന്നത് തന്നെയാണ് ആദ്യം മനസ്സിലാക്കേണ്ടിയിരുന്നത്. വയനാട്ടിലെ ഗോത്രവർഗ്ഗക്കാരുടെ  തനതു കൃഷി രീതിയാണ് പുനംകൃഷി. സംസാരഭാഷയിൽ അത് പൊനം ആയി മാറുന്നതാണ്. കാട് വെട്ടിതെളിച്ച് ചുട്ടെരിച്ച് കൃഷി ചെയ്യുന്ന രീതിയാണിത്.


   കർണാടകയോട് ചേർന്ന് കിടക്കുന്ന വയനാടൻ കാടുകളിലെ പകകളുടെയും പ്രതികാരങ്ങളുടെയും രതികളുടെയും കഥയാണ് പൊനം എന്ന നോവലിൽ. സ്വാതന്ത്ര്യസമരത്തിനു മുമ്പുള്ള  കാലഘട്ടം തൊട്ട് "ഗ്യാങ്സ് ഓഫ് വസേപുർ" എന്ന സിനിമയൊക്കെ ഇറങ്ങുന്നത്  വരെയുള്ള  കാലഘട്ടങ്ങളിലെ കരിമ്പുനം ഭരിച്ചതും, ഭരിച്ചവരുടെ  അടിമയായി ജീവിച്ചവരുമൊക്കെയാണ്  ഇതിലെ പ്രധാന കഥാപാത്രങ്ങൾ.


   കരിമ്പുനത്തെ ജീവിതങ്ങൾ സിനിമയാക്കാൻ വരുന്ന  ആഖ്യാതാവും അയാളുടെ സഹായിയായ കരിയനും കരിമ്പുനത്തെ ചോര മണമുള്ള കഥകൾ ചികഞ്ഞെടുക്കുകയാണ്. കഥയിൽ വരുന്ന എല്ലാ വ്യക്തികൾക്കും പറയാൻ ഒരു മുൻകാല കഥയുണ്ട് എന്നതാണ് പുസ്തകത്തിലെ ഏറ്റവും വലിയ പ്രത്യേകത. അതിൽ ഏതാണ്ട് എല്ലാ കഥകളും പകയും ചോരയൊഴുക്കുകളും രതിയും കൊണ്ട് സമ്പുഷ്ടമാണ്.  വർത്തമാനകാലത്തിൽ നിന്ന് നിമിഷനേരങ്ങൾ കൊണ്ട് ഭൂതകാലത്തേക്കും ഭാവികാലത്തേക്കും കഥാപാത്രങ്ങളോടൊപ്പം വായനക്കാരെയും കൊണ്ടുപോകാനുള്ള നോവലിസ്റ്റിന്റെ  കഴിവ് പ്രശംസനീയമാണ്. പ്രധാന കഥാപാത്രമായി വരുന്നത് കരിമ്പുനത്തെ കൊടുങ്കാട് തന്നെയാണ്. എവിടെനിന്നോ കരിമ്പുനത്തെ രൈരു നായരിലും പള്ളിക്കുഞ്ഞിയിലും എത്തിയ പക കൈമാറ്റം ചെയ്യപ്പെട്ട് ഒരു വശം കർത്തമ്പുവിലേക്കും മാധവനിലേക്കും ഗംഗനിലേക്കുമൊക്കെയും മറുവശം അമ്പൂട്ടിയിലേക്കും ശേഖര - ഗണേശനിലേക്കും എത്തപ്പെടുന്നു. ഇതിനിടയിലേക്ക് അറിയാതെ എത്തപെടുന്ന മാലിംഗൻ, കാന്ത, എസ് ഐ എബ്രഹാം ജോസ്  എന്നിവരും കരിമ്പുനത്തെ ചോരക്കളികളുടെ ഭാഗമാകുന്നു. അവിടുത്തെ കഥകൾ സിനിമയാക്കാൻ പോകുന്ന ആഖ്യാതാവും അവിടുത്തെ കഥകളുടെ തുടർച്ചകളിൽ എത്തിപ്പെടുന്നുണ്ട്. ഇരുവശങ്ങളിലും പ്രബല നേതാക്കൾ ഇല്ലാതാകുമ്പോൾ അവിടെ സമാധാനം പുലരുമെന്ന് വിചാരിക്കുമെങ്കിലും, ചിലപ്പോഴെങ്കിലും വിചാരിക്കാത്ത വഴികളിലൂടെ പക അടുത്ത തലമുറയിലേക്ക് കൈമാറുക തന്നെ ചെയ്യുന്നു. നോവൽ അവസാനിക്കുമ്പോഴും കരിമ്പുനത്തെ പ്രതികാരങ്ങളും, അതുമൂലം ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങളും അവസാനിക്കുന്നില്ല.

 ആദ്യ നോവലാണ് എഴുതുന്നത് എന്ന് നോവലിന്റെ ഒരു ഭാഗത്തും മനസ്സിലാകാത്ത രീതിയിലാണ് നോവലിന്റെ ഘടനയും, കഥ പറയുന്ന രീതിയും, അതിലെ സംഭാഷണങ്ങളും. ഒറ്റ നോവൽ കൊണ്ട് തന്നെ എഴുത്തുകാരന് ലഭിച്ച പുരസ്കാരങ്ങൾ ഇതിന്റെ മേന്മ വ്യക്തമാക്കുന്നു.  

Comments

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...