നാലഞ്ചു ചെറുപ്പക്കാർ എന്ന പുസ്തകം വായിക്കുകയും അത് ആധാരമാക്കിയെടുത്ത "പൊൻman" എന്ന സിനിമ കാണുകയും ചെയ്തതിനുശേഷം "വിലായത്ത് ബുദ്ധ" എന്ന സിനിമയാകാൻ പോകുന്ന പുസ്തകം അന്വേഷിച്ചിറങ്ങിയെങ്കിലും ലൈബ്രറിയിൽ അത് ലഭ്യമാകാത്തതിനാൽ ജി ആർ ഇന്ദുഗോപന്റെ തന്നെ നിരയിൽനിന്നും തപ്പിയെടുത്ത് വായിച്ച പുസ്തകമാണ് "കൊടിയടയാളം". ഒരുകാലത്ത് ഹൈറേഞ്ചുകൾ കയറി പണം ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ച (ചിലർ വിജയിച്ച) ഒരു തലമുറയ്ക്ക് ശേഷം പലവിധ കാരണങ്ങളാൽ തിരിച്ച് താഴേക്ക്; അതായത് സമതലത്തിലേക്ക് ഇറങ്ങിയ അടുത്ത തലമുറയുടെ പ്രതീകമായ കുടുംബത്തിന്റെ കഥയാണ് നോവലിസ്റ്റ് പുസ്തകത്തിൽ കൂടി പറയുന്നത്. ശരീരം മാത്രം മക്കളുടെ കൂടെ വന്ന് മനസ്സ് മൊത്തം ഹൈറേഞ്ചിലെ മലഞ്ചെരുവുകളിൽ കുടുങ്ങിക്കിടക്കുന്ന മുൻ തലമുറയുടെ സങ്കടങ്ങളും അവരുടെ ശാപവാക്കുകളാൽ അടുത്ത തലമുറയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.
പുസ്തകത്തിലേക്ക് വരുമ്പോൾ രമണൻ പിള്ള എന്ന ഹൈറേഞ്ചുകളിൽ മനസ്സുടക്കി കിടക്കുന്ന ഗൃഹനാഥൻ മക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി സമതലത്തിലേക്ക് പറിച്ചു മാറ്റപ്പെടുകയും ശേഷം അവരുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രയാസ പൂർണ്ണമായ മാറ്റങ്ങളുടെയും കഥയാണ് നോവലിസ്റ്റ് പറഞ്ഞിരിക്കുന്നത്. മലമടക്കുകളിൽ ജീവിതം ഹോമിക്കപ്പെടും എന്ന് തോന്നിയ/ മനസ്സിലാക്കിയ രമണൻ പിള്ളയുടെ മക്കൾ അടങ്ങിയ ആ തലമുറയിലെ പലരും അവിടെനിന്ന് സമതലങ്ങളിലേക്ക് എത്തുകയായിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ ഒരു പരിധി വരെ ഇതിന് കാരണമായിട്ടുണ്ട്. മലഞ്ചെരുവിൽ നിന്ന് താഴെ എത്തിയശേഷം പക്ഷേ അവരുടെ ജീവിതങ്ങൾ വിചാരിച്ച പോലെയല്ല മുന്നോട്ട് പോയത്. തൊട്ടടുത്തുള്ള വീട്ടിലും അവരുടെ കുടുംബത്തിൽ തന്നെയും, പ്രധാന കഥാപാത്രമായ രമണൻപിള്ളയുടെ രണ്ടാമത്തെ മകൻ മുകുന്ദൻ പിള്ളയുടെ മനസിനകത്തുതന്നെയും വളരെ വിചിത്രസംഭവങ്ങളാണ് നടക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ രമണൻപിള്ളയുടെ അച്ഛന്റെ ശാപവചനങ്ങൾ പോലെ അവരുടെ എല്ലാവരുടെയും ജീവിതം വല്ലാതെ മാറിമറിയുന്നു. വായനക്കാരാരും ഒരുതരത്തിലും ആഗ്രഹിക്കാത്ത രീതിയിലാണ് നോവൽ കൊണ്ട് അവസാനിപ്പിക്കുന്നത്.
ഹിന്ദിയിലെ പ്രേംചന്ദിന്റെ കഥകളിൽ ഉള്ളത്പോലെ കഥാവസാനം നാം വിചാരിക്കുന്നതിനപ്പുറമുള്ള ദുരന്തങ്ങളാണ് എല്ലാ കഥാപാത്രങ്ങളും അനുഭവിക്കേണ്ടിവരുന്നത്. ഇന്ദുഗോപൻ നോവലുകളുടെ മുഖമുദ്രയായ വ്യത്യസ്തത പ്രസ്തുത നോവലിലും കാണാൻ സാധിക്കും. കഥയുടെയും കഥാപാത്രങ്ങളുടെ മനസ്സുകളുടെയും ഗ്രാഫ് വല്ലാത്തൊരു ദിശയിലാണ് സഞ്ചരിക്കുന്നത്. എന്നിരുന്നാലും പുസ്തകത്തിൽ കൂടി പറയാൻ ഉദ്ദേശിക്കുന്നതെന്താണോ അത് പൂർണരൂപത്തിൽ വായനക്കാരനിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

Comments
Post a Comment