ദാമിയന്റെ അതിഥികൾ വായിച്ച് അതിന്റെ നിരീക്ഷണം വായനക്കാരായ സുഹൃത്തുക്കളെ കാണിച്ചപ്പോൾ വായിച്ചിരിക്കണമെന്ന് അവർ പറഞ്ഞ അതേ എഴുത്തുകാരന്റെ പുസ്തകമാണ് ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി. ഹിറ്റ്ലറും നാസി പടയാളികളും ജൂതരെ കൊല്ലാനും പീഡിപ്പിക്കാനും ഉപയോഗിച്ച ഹോളോകോസ്റ്റും അതിൽ നിന്നും രക്ഷപ്പെടാനായി ജൂതർ നടത്തിയ ശ്രമങ്ങളും പ്രധാന പശ്ചാത്തലമായി എഴുതിയ നോവലാണ് ഇത്. ഹിറ്റ്ലറുടെയും നാസി പടയാളികളുടെയും ജൂത തടങ്കൽ പാളയങ്ങളക്കുറിച്ച് ആലോചിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന വിങ്ങലിനേക്കാൾ വളരെയധികം മുമ്പിലാണ് അവർ ശരിക്കും അനുഭവിച്ച ദുരിതങ്ങൾ എന്ന് ഈ പുസ്തകത്തിലെ ഓരോ അധ്യായങ്ങൾ വായിക്കുമ്പോഴും നമുക്ക് കൂടുതൽ മനസ്സിലായിക്കൊണ്ടിരിക്കും.
പുസ്തകത്തിലേക്ക് വരുമ്പോൾ ബ്ലോഗ് എഴുത്തുകാരനായ നോവലിസ്റ്റിന് മെയിൽ വഴി ലഭിക്കുന്ന ഒരു ജർമൻ കാരന്റെ; ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ ഒരു ജൂത പോരാളിയുടെ ചെറുത്തുനിൽപ്പിന്റെ ചില നിമിഷങ്ങൾ ഉൾപ്പെടുന്ന, ദ്രവിച്ച കടലാസുകളിൽ എഴുതിയ, അപൂർണമായ എന്നാൽ ഏതൊരു മനുഷ്യനെയും ഉൾക്കിടിലം കൊള്ളിക്കുന്ന ചില കുറിപ്പുകളിൽ നിന്നും ഓഷ്വിറ്റ്സ് എന്ന ഹിറ്റ്ലറുടെ തടങ്കൽ പാളയങ്ങളിൽ ഞെരിഞ്ഞമർന്ന ലക്ഷക്കണക്കിന് ജൂതരുടെ പ്രതിനിധിയായ ഒരുവന്റെ ചെറുത്തുനിൽപ്പിന്റെ കഥയാണ് നോവലിസ്റ്റ് മെനഞ്ഞെടുത്തത്. ലക്ഷ്യം റെഡ്‌വിൻ എന്ന ആ ജൂത പോരാളി വഴി സാധ്യമായില്ലെങ്കിലും ലക്ഷ്യത്തിലെത്താൻ വേണ്ടി അയാളുൾപ്പെട്ട ജൂത സംഘമായ മഞ്ഞപ്പോരാളികൾ നടത്തിയ ചെറുത്തുനിൽപ്പുകളക്കുറിച്ചുള്ള അവതരണം വളരെ മികച്ചതാണ്. വായനക്കാരൻ കഥയിലേക്ക് കടന്നു കഴിഞ്ഞാൽ ഇത് എഴുത്താണെന്നോ ഇതിൽ ഏതൊക്കെയാണ് എഴുത്തുകാരന്റെ സൃഷ്ടിയെന്നോ മനസ്സിലാക്കാൻ ആവാത്ത വിധം പിണഞ്ഞു കിടക്കുകയാണ് യാഥാർത്ഥ്യവും ഭാവനയും. അവിടുന്നും ഇവിടുന്നും കിട്ടിയ പൊടിപ്പുകളും തൊങ്ങലുകളും കൊണ്ട് നമുക്ക് മുമ്പിൽ മികച്ച ഒരു നാസി ജർമൻ കാലഘട്ടം തന്നെയാണ് നോവലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. കുറിപ്പുകളിൽ നിന്ന് ലഭിച്ചതല്ലാതെ നോവലിസ്റ്റ് നടത്തിയ ചില ചരിത്രാന്വേഷണങ്ങളും കഥാപാത്രങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് കൊണ്ട് പൂർണ്ണമായും ഇത് എഴുത്തുകാരന്റെ ഭാവനയാണെന്ന് പറയാൻ പറ്റില്ല. എന്നിരുന്നാലും നോവലിസ്റ്റ് ഭാവനയിൽ നിന്ന് എഴുതിയ ചില കാര്യങ്ങൾ അയാൾ അറിയാതെ തന്നെ യാഥാർത്ഥ്യത്തോട് ചേർത്തുനിൽക്കുന്നത് ആയിരുന്നു എന്നത് നമ്മെ ഞെട്ടിക്കുന്ന ഒന്നാണ്. നോവലിൽ തന്നെ അവസാനം പറയുന്നതുപോലെ- " ഒരുകൂട്ടം പ്രേതാത്മാക്കളും നോവലിസ്റ്റും ചേർന്ന് എഴുതുന്ന നോവൽ എന്ന ആമുഖം എങ്ങനെയോ അന്വർത്ഥമാക്കപ്പെട്ടു. "
ദാമിയന്റെ അതിഥികൾ പോലെ തന്നെ ഭാവനയുടെ ഒരു മായാലോകം നമുക്ക് മുമ്പിൽ തുറന്നുകാട്ടുന്നതാണ് ഈ നോവൽ. തീർച്ചയായും സത്യത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഈ നോവൽ പൂർത്തിയാക്കാൻ അരുൺ ആർഷ എടുത്ത പരിശ്രമങ്ങൾ ഒരിക്കലും വിഫലമായില്ല എന്നത് ഉറപ്പ്.

🩷nice
ReplyDelete