Skip to main content

വായനക്കാരൻ്റെ നിരീക്ഷണം: തക്ഷൻകുന്ന് സ്വരൂപം - യു കെ കുമാരൻ

 



    വയലാർ അവാർഡ് ലഭിച്ച കൃതി എന്ന നിലയ്ക്കും വ്യത്യസ്തമായ തലക്കെട്ട് ഉള്ള കൃതി എന്ന നിലയ്ക്കും മനസ്സിൽ കയറിപ്പറ്റിയ പുസ്തകമാണ് തക്ഷൻകുന്ന് സ്വരൂപം. യു കെ കുമാരൻ എന്ന എഴുത്തുകാരൻ എന്ന നോവലിസ്റ്റിന്റെ ഞാൻ വായിക്കുന്ന ആദ്യ നോവൽ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ എഴുത്ത് എങ്ങനെയാണ് എന്നറിയാനും  താല്പര്യമുണ്ടായിരുന്നു. 

 

 പുസ്തകത്തിലേക്ക് വന്നാൽ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം മുതൽ സ്വാതന്ത്ര്യശേഷമുള്ള രണ്ടുമൂന്ന് പതിറ്റാണ്ട് വരെയുള്ള വടക്കേ മലബാറിലെ തക്ഷൻകുന്ന് എന്ന ഗ്രാമത്തിന്റെ കഥയാണ് നോവലിസ്റ്റ് വരച്ചിട്ടിരിക്കുന്നത്. ജാതിവിവേചനവും അയിത്തവുമെല്ലാം ശക്തമായി നിലനിൽക്കുന്ന കാലത്ത് അതിന്റെയെല്ലാം ദൂഷ്യഫലം നന്നായി അനുഭവിച്ചതും എന്നാൽ പിന്നീട് പലവിധ നിമിത്തങ്ങൾ മൂലവും സ്വപ്രയത്നം  മൂലവും ധനപരമായി മികച്ച സ്ഥിതിയിലേക്ക് എത്തപ്പെട്ട  രാമർ എന്നയാളുടെ കണ്ണിലൂടെയാണ് നോവലിസ്റ്റ് തക്ഷൻകുന്നിനെ നോക്കിക്കണ്ടത്. രാമർ വളരുന്നതിനൊപ്പം തക്ഷൻകുന്നും മാറിക്കൊണ്ടിരിക്കുകയായിരുന്നു. അറിഞ്ഞോ അറിയാതെയോ അന്നത്തെ അധികാരമുള്ള നാടുവാഴിയുടെ മകളെ സ്കൂളിൽ വച്ച് അപമാനിച്ചതിന്റെ പേരിൽ സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ട രാമറിന് പിന്നീട് ലഭിച്ച വിദ്യാഭ്യാസം അനുഭവങ്ങൾ മാത്രമാണ്. കുഞ്ഞിക്കേളു എന്ന സുഹൃത്തും വഴികാട്ടിയുമായിരുന്ന ഒരു പുരോഗമന വാദിയുടെ അകത്തുണ്ടായിരുന്ന ആശയങ്ങൾ പതുക്കെ അയാളിലേക്കും പകർന്നു ലഭിക്കുകയായിരുന്നു. ആശയപരമായി പല വ്യത്യാസങ്ങളും അവർ തമ്മിൽ ഉണ്ടായിരുന്നെങ്കിലും നാടും നാട്ടുകാരും നന്നാവുക എന്ന ഒരു ലക്ഷ്യത്തിൽ അവരുടെ ആശയങ്ങൾ തമ്മിൽ യോജിച്ചു വന്നു. സ്വാതന്ത്ര്യസമരത്തോട് അടുക്കുന്ന കാലഘട്ടത്തിൽ തക്ഷൻകുന്നിൽ ഉണ്ടാകുന്ന പല മാറ്റങ്ങൾക്കും അറിഞ്ഞോ അറിയാതെയോ അവർ കാരണമാകുന്നുണ്ട്. കെ കേളപ്പന്റെയും മുഹമ്മദ് അബ്ദുറഹ്മാന്റെയും നേതൃത്വത്തിൽ നടന്ന വടക്കൻ കേരളത്തിലെ സ്വാതന്ത്ര്യ- നവോത്ഥാന  പ്രവർത്തനങ്ങളിൽ രാമറിനും വലിയ താല്പര്യമായിരുന്നു, പറ്റുന്നവയിൽ അയാളും പങ്കുകൊള്ളുകയും ചെയ്തു. അതിനൊപ്പം രാമറിന്  സ്വയമായും വളർച്ചയുണ്ടാകുന്നുണ്ട്. ആദ്യം കുതിരപ്പന്തിയിലെ പണിക്കാരനായിരുന്ന അയാൾ നാട്ടിലെ ഒരു പ്രധാന, എന്നാൽ പാവപ്പെട്ടവരോട് മമതയുള്ള കണ്ണച്ചന്റെ കാര്യസ്ഥൻ ആവുകയും പോകെപ്പോകെ അയാൾ ഒരു മുതലാളിയും പ്രമാണിയും ആയി മാറുകയും ചെയ്യുന്നുണ്ട്.

സ്വാതന്ത്ര്യാനന്തരമുള്ള  തക്ഷൻകുന്നിലെ മാറ്റങ്ങൾ പ്രമാണിയായി മാറിയ രാമർ  തെല്ല് വിഷമത്തോടെയാണ് കാണുന്നത്.  അയാളും കൂട്ടുകാരും മറ്റു സ്വാതന്ത്ര്യസമര പ്രവർത്തകരും സ്വപ്നം കണ്ടതുപോലെയുള്ള ഒരു മാറ്റമല്ല തുടക്കകാലത്ത് ഉണ്ടായത്. പഴയ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ജാതിവെറി മറ്റൊരു തരത്തിൽ നിലനിൽക്കുന്നു എന്ന സത്യം വേദനയോടെ അയാൾ മനസിലാക്കുന്നു. സ്വാതന്ത്ര്യാനന്തരം അയാൾക്ക് അവയിലൊന്നും തന്നെ ഒരു പരിധിയിൽ അധികം  ഇടപെടാനും സാധിക്കുമായിരുന്നില്ല. പുറത്താക്കപ്പെട്ട ഒരു സ്കൂൾ വിദ്യാർത്ഥി  എന്ന നിലയിൽ നിന്നും ഒരു പ്രമാണിയായി മാറിയെങ്കിലും തന്റെ നാടായ തക്ഷൻകുന്ന് അത്രകണ്ട് മാറിയില്ല എന്നത് അയാളെ എക്കാലവും വേദനിപ്പിച്ച ഒന്നായിരുന്നു. സ്വാതന്ത്ര്യാനന്തര തക്ഷൻകുന്നി രാമറിന്റെ മനോവേദന തളംകെട്ടി നിൽക്കുന്നത് കാണാം.

 

പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലുള്ള ഒരു സങ്കടച്ഛായയാണ്. പ്രധാന കഥാപാത്രമായ രാമർ അത് ഇടയ്ക്കിടയ്ക്ക് ആലോചിക്കുകയും ചെയ്യുന്നുണ്ട്- എന്തെങ്കിലും നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ ഉടനെതന്നെ എന്തോ വലിയ വിപത്ത് വരും എന്നത്. കൃത്യമായ ഇടവേളകളി ഗ്രാമത്തിൽ രോഗങ്ങളായും ദുർമരണങ്ങളായുമെല്ലാം സങ്കടങ്ങൾ വരികയും ചെയ്യുന്നുണ്ട്. പുസ്തകത്തിന്റെ അവസാനത്തോട് അടുക്കുന്ന സമയത്ത് ആ ഇടവേളകൾ കുറഞ്ഞു വരികയാണ് ചെയ്യുന്നത്. ഒരുവേള രാമറിന് ശേഷം പ്രളയം ആണോ എന്നുപോലും തോന്നുന്നുണ്ട്. 

രാമറിനോടൊപ്പം തക്ഷൻകുന്നിനെ  നോക്കിക്കണ്ട്, കുഞ്ഞിക്കേളുവിനു കടയിൽ ഇരുന്നു തുന്നാൻ തുണികൾ മുറിച്ചു കൊടുത്ത്, മാതാമ്മയുടെ ഹോട്ടലിലിരുന്ന് പുട്ട് കഴിച്ച്, ഇമ്പിച്ചന്റെ കുതിരകളെ തലോടി, കണ്ണച്ചന്റെ പാടില്ലാത്ത കുട്ടികളെ താലോലിച്ച്, ശ്രീധരൻ ഡോക്ടറുടെ വീട്ടിലെ പത്രപാരായണം  കേട്ട്, കേളപ്പനൊപ്പവും അബ്ദുറഹ്മാനൊപ്പവും സത്യഗ്രഹങ്ങളിൽ പങ്കെടുത്ത്, രാമറിന്റെയും ലക്ഷ്മിയുടെയും കുട്ടികളുടെ വളർച്ച നോക്കിക്കണ്ട് വായനക്കാരനും തക്ഷൻകുന്നിലൊരാളായി മാറുന്നു. 

 

തക്ഷൻകുന്നിന്റെ മാറ്റങ്ങളോടൊപ്പം രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിലും രാജ്യത്തിന് പുറത്തും  ഉണ്ടാകുന്ന പ്രധാന സംഭവങ്ങളും പ്രതിപാദിക്കുന്ന വളരെ ഹൃദ്യമായ ഈ നോവൽ വായിച്ചിരിക്കേണ്ടത് തന്നെയാണ്

Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...