Skip to main content

വായനക്കാരന്റെ നിരീക്ഷണം: രണ്ടാം പിറവി - കാക്കനാടൻ

 

 

        ഞാൻ മുൻപ് വായിക്കാത്ത എഴുത്തുകാരുടെ കൃതികൾ വായിക്കുമ്പോൾ അതിന്റെ ഇതിവൃത്തം എന്താണ് എന്ന് മനസ്സിലാക്കുന്നതിനൊപ്പം അവരുടെ എഴുത്തിന്റെ രീതി എങ്ങനെയാണെന്നും കൂടി ചിന്തിക്കാറുണ്ട്. വീണ്ടും ഒരു പുസ്തകം എടുക്കുമ്പോൾ നാം ശ്രദ്ധിക്കുന്ന എഴുത്തുകാരുടെ പേരുകളുടെ ഇടയിൽ പുതിയ ആളെ കൂടി ഉൾപ്പെടുത്താനുള്ള സ്ഥലം ഉണ്ടോ  എന്നാണ് അതിൽ കൂടി പ്രധാനമായും  ഉദ്ദേശിക്കുന്നത്. കാക്കനാടന്റെ രണ്ടാം     പിറവി എന്ന പുസ്തകം വായിക്കുമ്പോഴും അതുതന്നെയായിരുന്നു എന്റെ മനസ്സിൽ. രണ്ടാം പിറവി, വീണ്ടും ഒരു ദുരന്തം എന്നീ രണ്ടു ചെറു നോവലുകൾ ഉൾപ്പെട്ടതാണ്  ഈ പുസ്തകം.  രണ്ട് നോവലുകളും വ്യത്യസ്ത ഭാവങ്ങളിലുള്ള വളരെ മികച്ച സൃഷ്ടികളായിട്ടാണ് എനിക്ക് തോന്നിയത്.

      പുസ്തകത്തിലെ ഒന്നാമത്തെ നോവലായ രണ്ടാം പിറവിയിൽ  ആട്ടക്കളത്തിൽ അവറാച്ചൻ, കുഞ്ചു കുറുപ്പ് എന്നീ രണ്ടു പ്രബല വ്യക്തിത്വങ്ങളുടെ കഥയാണ് പറയുന്നത്. ഏതാണ്ട് കേരളത്തിലെ മധ്യഭാഗത്തെ മലഞ്ചെരുവുകളിൽ താമസിച്ചിരുന്ന ഒരു ഗ്രാമത്തിലെ രണ്ടു പ്രാധാനികൾ എന്ന് പറയാം. നോവലിന്റെ ഓരോ ഭാഗത്തും അവരുടെ വ്യക്തിത്വങ്ങളെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള വ്യക്തമായ വർണ്ണനകൾ എഴുത്തുകാരന്റെ ഭാഗത്തുനിന്നും കാണാം. അതിനൊപ്പം തന്നെ എഴുത്തുകാരന്റെ രാഷ്ട്രീയ സാമുദായിക ബോധ്യങ്ങളെ ഒരു സത്യാല്‍ രീതിയിൽ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. പുതിയകാലത്ത് അവ വായിക്കുമ്പോൾ അത് കൂടുതൽ ശരിയാണെന്ന് തോന്നും. 


"ക്രിസ്യൻ പാമ്പുകൾ മാത്രമേ ക്രിസ്‌ത്യാനികളെ കൊത്താവൂ, ഹിന്ദു പശുക്കളുടെ പാൽ മാത്രമേ ഹിന്ദുക്കൾ കുടിക്കാവൂ. എന്നൊക്കെയുള്ള പിൽക്കാലത്ത് പ്രാബല്യത്തിൽ വന്ന നിയമങ്ങളൊന്നും അവരുടെ കാലത്ത് നിലവിലുണ്ടായിരുന്നില്ല." എന്ന തരത്തിലുള്ള പ്രയോഗങ്ങളൊക്കെ ഇതിന് ഉദാഹരണമാണ്. 

    നോവലിൽ കുഞ്ചു കുറുപ്പും അവറാച്ചനും തമ്മിൽ പതിറ്റാണ്ടുകളോളം സിവിൽ കേസ് നടത്തുന്നവരും  എന്നാൽ അടുത്ത കൂട്ടുകാരുമായിരുന്നു. കോടതിയിൽ പരസ്പരം കേസ് നടത്തുന്നവർ ഒരു കാറിൽ പോകുന്ന ഒരു പ്രത്യേകം സ്വഭാവത്തിലുള്ളവർ. പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും പരകോടിയിലുള്ളവർ. ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ നോവലിൽ പ്രതിപാദിച്ചിരിക്കുന്നത്. മരണം പോലുള്ള ഒരു പ്രധാന - എന്നാൽ വിഷമകരമായ സംഭവം  നടന്ന സന്ദർഭത്തിൽ പ്രശസ്തനായ ഒരു സിനിമാതാരം വന്നാൽ കരയണോ അതോ സിനിമാതാരത്തിനെ കാണണോ എന്നൊക്കെ സംശയിക്കുന്ന നാട്ടുകാർ ഇക്കാലത്തെ ജനങ്ങളെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. മുമ്പോട്ട് പോകുന്തോറും അപ്രതീക്ഷിതമായ ചില സന്ദർഭങ്ങൾ വരികയും അപ്രതീക്ഷിതമായി തന്നെ കഥ അവസാനിക്കുകയും ചെയ്യുന്നു.


        പുസ്തകത്തിലെ രണ്ടാമത്തെ നോവലായ " വീണ്ടും ഒരു ദുരന്തം " വളരെ  ഒരു പ്രണയ നോവലാണ്. ഈ നോവലിലേക്ക് എത്തുമ്പോൾ എഴുത്തുകാരന്റെ ഭാഷ ഒരു കാമുകന്റെതാകുന്നു. ആറ്റിക്കുറുക്കിയ ഭാഷയിൽ അവർ അച്ഛന്റെയും കുഞ്ചു കുറുപ്പിന്റെയും കഥ പറഞ്ഞ എഴുത്തുകാരൻ ഇവിടെ പ്രകൃതി വർണ്ണനയിലും പ്രണയിനിയുടെ ഭാവത്തിന്റെ വർണ്ണനയിലും മുഴുകി സ്വയം ഭാവനകളിൽ മുഴുകുന്നു. വീണ്ടും ഒരു ദുരന്തത്തിലെ കഥാനായകൻ എഴുത്തുകാരനാണ്. ഒരു നോവൽ എഴുതാൻ വേണ്ടി കായലും വയലുകളും ഒക്കെ നിറഞ്ഞ ഒരു ഗ്രാമത്തിൽ എത്തുന്ന എഴുത്തുകാരനായ നായകൻ പിന്നീട് കാണുന്ന കാഴ്ചകളും ചില അനുഭവങ്ങളുമാണ് ഈ നോവലിൽ. എഴുത്തുകാരനും അദ്ദേഹത്തിന്റെ പ്രണയിനിക്കും ഉള്ള അത്രയും തന്നെ പ്രാധാന്യം അവിടുത്തെ ഒരു കിഴവനും ഉണ്ട്. രാവിലെ മുതൽ വൈകിട്ട് വരെ മീൻ പിടിച്ച് ജീവിക്കുന്ന അയാൾ രാത്രി ഒരു കഥപറച്ചിലുകാരനാകുന്നു. പകൽ മുഴുവൻ ഒരു കിഴവന്റെ തന്നെ ഭാവമുള്ള അയാൾക്ക് രാത്രിയാകുമ്പോൾ ഊർജ്ജം കൂടുന്നു. മെയ് വഴക്കമുള്ള ഒരു നിത്യാഭ്യാസിയെ പോലെ അയാൾ നൃത്തം ചെയ്ത് കഥ പറഞ്ഞ് ഒരു നാടിനെ മയക്കുന്നു. അവരുടെ ഉറക്കമില്ലാതാകുന്നു. അയാൾ അവസാനം പറഞ്ഞ ഒരു കഥയിലെ പോലെ തന്നെ നോവലിലെ നായകന്റെ പ്രണയവും അവസാനിക്കുന്നു.. 


വ്യത്യസ്തമായ കഥാസന്ദർഭങ്ങളുള്ള രണ്ടു നോവലുകളും വായിച്ചിരിക്കേണ്ടത് തന്നെയാണ്. 

Comments

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...